തളിപ്പറമ്പ്: ആന്തൂരിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിന്റെ സമാപന വേദിയിൽ യുവാവിന്റെ അപകടകരമായ അഭ്യാസം പരിഭ്രാന്തി പരത്തി. പ്രശസ്ത റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീത പരിപാടി നടന്നുകൊണ്ടിരിക്കെയാണ് കാണികളിലൊരാൾ മൈതാനത്തെ ഉയർന്ന ഫ്ലഡ്‌ലൈറ്റ് ടവറിന് മുകളിൽ കയറിയത്.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിക്കിടെ യുവാവ് ടവറിന്റെ മുകളിൽ കയറി അഭ്യാസം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വേടൻ പാട്ട് നിർത്തിവെച്ചു. യുവാവിനോട് താഴെയിറങ്ങാൻ താരം തന്നെ നേരിട്ട് മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസും സംഘാടകരും വേടനും ചേർന്ന് ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇതോടെയാണ് വലിയൊരു അപകടസാധ്യത ഒഴിവായതും പരിപാടി പുനരാരംഭിച്ചതും.
വേടന്റെ വിവാഹവാർത്ത പുറത്തുവിട്ട് എം.വി. ഗോവിന്ദൻ
അതേസമയം, ഹാപ്പിനെസ് ഫെസ്റ്റിന്റെ സമാപന വേദിയിൽ വേടന്റെ വിവാഹ വാർത്ത പ്രഖ്യാപിച്ചത് ആരാധകർക്ക് സർപ്രൈസ് ആയി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹ തീയതി വേദിയിൽ അറിയിച്ചത്. ഈ മാസം 24-നാണ് വിവാഹം.
വേടന്റെ പാട്ടുകൾ പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകുന്നതാണെന്നും അദ്ദേഹത്തിന്റെ പുതിയ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും എം.വി. ഗോവിന്ദൻ പറഞ്ഞു.
