പഴയങ്ങാടി: പുതിയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം ആൾത്താമസമില്ലാത്ത പഴയ വീട്ടിൽ യുവാവിന്റെ അഴുകി ദ്രവിച്ച മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ട്.
ശരീരം പൂർണ്ണമായും ദ്രവിച്ച് എല്ലുകളും തലയോട്ടിയും മാത്രമുള്ള നിലയിലാണ്. പുതിയങ്ങാടി സ്വദേശിയായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നു.
ഇയാൾ സ്ഥിരമായി കൊണ്ടു നടക്കുന്ന ബാഗും വസ്ത്രവും മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്തിയതിനാലാണ് ബന്ധുക്കളും പോലീസും ഈ നിഗമനത്തിലെത്തിയത്.
വാസയോഗ്യമല്ലാത്തതിനാൽ ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. മുമ്പ് ഇവിടെ താമസിച്ചവർ അടുത്തു തന്നെ പുതിയ വീടു വെച്ചാണ് ഇപ്പോൾ താമസിക്കുന്നത്.
ആറു മാസം മുമ്പ് ഈ വീട്ടിലെ യുവാവിനെ കാണാതായിരുന്നു. സാധാരണയായി യുവാവ് വീട്ടിൽ നിന്ന് പോയാൽ മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്.
അതിനാൽ വീട്ടുകാർ കാര്യമായി അന്വേഷിച്ചിരുന്നില്ല. പഴയ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വീട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മാറ്റാൻ പറ്റാത്ത വിധത്തിലായതിനാൽ സ്ഥലത്തു വെച്ചു തന്നെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും. പയ്യന്നൂർ ഡിവൈ.എസ്.പി.
അനിൽകുമാർ, പഴയങ്ങാടി ഇൻസ്പെക്ടറുടെ ചുമതലയുള്ള കൺട്രോൾ റൂം എസ്.എച്ച്.ഒ. സി. ബിനു, എസ്.ഐ. ഷുഹൈബ്, ജൂനിയർ എസ്.ഐ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസും, കണ്ണൂരിൽ നിന്നുള്ള വിരലടയാള ഫൊറൻസിക് വിദഗ്‌ധരും സ്ഥലത്ത് പരിശോധ നടത്തി.
ഡി.എൻ.എ. പരിശോധനയിലൂടെ മാത്രമേ മരിച്ചത് കാണാതായ യുവാവ് തന്നെയാണോ എന്ന് പോലീസിന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ.
