തളിപ്പറമ്പ്: പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ടെത്തി. ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും നിലവിൽ അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുള്ളതായും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
ഫെബ്രുവരി 4-ന് രാത്രി ഒമ്പത് മണിയോടെയാണ് സീമയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യോത്തെ അയൽവാസിയായ കടേൽപറമ്പിൽ വീട്ടിൽ കെ.പി. വിജയൻ എന്നയാളോടൊപ്പമാണ് സീമ ലോഡ്ജിൽ മുറിയെടുത്തത്. മരണവിവരം പുറത്തുവന്നതിന് പിന്നാലെ വിജയനെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
സംഭവസ്ഥലത്ത് തളിപ്പറമ്പ് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
