Zygo-Ad

പയ്യാമ്പലം ബീച്ച് കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

 


കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും വിധിച്ചു. ചാലാട് മുള്ളകണ്ടിപാലത്തിന് സമീപം പുരത്താൻകണ്ടി വീട്ടിൽ പി.എം. ഷൈജുവിനെ (41) കൊലപ്പെടുത്തിയ കേസിൽ എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരുവിനെയാണ് (44) ശിക്ഷിച്ചത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) ജഡ്ജി ടിറ്റി ജോർജാണ് വിധി പ്രസ്താവിച്ചത്.

പിഴത്തുക കൊല്ലപ്പെട്ട ഷൈജുവിന്റെ അമ്മയ്ക്കും സഹോദരനും നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം.

സംഭവത്തിന്റെ പശ്ചാത്തലം

2018 ഡിസംബർ 12-ന് രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പയ്യാമ്പലത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാവൽക്കാരനായിരുന്ന ശ്രീഗുരു, ഷൈജുവിനും സുഹൃത്തുക്കൾക്കുമൊപ്പം മദ്യപിച്ചിരുന്നു. സുഹൃത്തുക്കൾ മടങ്ങിയ ശേഷം പ്രതി ഷൈജുവിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷൈജുവിനെ പിന്നാലെ എത്തിയ ശ്രീഗുരു വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

തുടർന്ന് അബോധാവസ്ഥയിലായ ഷൈജുവിനെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. പിറ്റേന്ന് പള്ളിയാംമൂലയിലെ കാടുപിടിച്ച സ്ഥലത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷൈജുവിനെ കണ്ണൂർ കൺട്രോൾ റൂം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡിസംബർ 14-ന് അർധരാത്രിയോടെ മരണപ്പെടുകയായിരുന്നു.

അന്വേഷണവും ശാസ്ത്രീയ തെളിവുകളും

കണ്ണൂർ ടൗൺ സിഐ ആയിരുന്ന ടി.കെ. രത്നകുമാർ അന്വേഷിച്ച കേസിൽ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചെന്നൈക്കടുത്തുള്ള കോവൈപുത്തൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്. കേസിൽ 32 സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറ മരിച്ച ഷൈജുവിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണ്ണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ വി.എസ്. ജയശ്രീ ഹാജരായി.



Previous Post Next Post