കണ്ണൂർ: ആറ് ദിവസമായി കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ യാത്രക്കാരെ വലച്ച സ്വകാര്യ ബസ് സമരം പിൻവലിച്ചു. കെ. സുധാകരൻ എം.പി. ബസ് ഉടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇതോടെ ഈ റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
നടാലിൽ അടിപ്പാത വേണമെന്ന ബസ് ഉടമകളുടെയും പ്രാദേശികവാസികളുടെയും ആവശ്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് എം.പി. ഉറപ്പുനൽകി. എം.പിയുടെ ഉറച്ച വാഗ്ദാനം പരിഗണിച്ചാണ് താൽക്കാലികമായി സമരം മാറ്റിവെക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. സമരത്തെ തുടർന്ന് ഈ റൂട്ടിലെ നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും വലിയ ബുദ്ധിമുട്ടിലായിരുന്നു.
