കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ടിടിഇ റെസ്റ്റ് റൂമിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് പിടികൂടി. തമിഴ്‌നാട് പോത്തന്നൂർ സ്വദേശി കാജാ മൊയ്‌തീൻ ആണ് പിടിയിലായത്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പൻവേലിൽ വെച്ചാണ് പ്രതിയെ റെയിൽവേ സുരക്ഷാ സേന വലയിലാക്കിയത്.
കണ്ണൂർ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്നും ഫോൺ കവർന്ന ശേഷം പ്രതി ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. റെയിൽവേ പോലീസ് എസ്എച്ച്ഒ സുനിൽകുമാർ, ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പൻവേലിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അവിടുത്തെ ആർപിഎഫിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കണ്ണൂരിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കും.
