കണ്ണൂർ: സ്വർണ്ണാഭരണങ്ങൾ നൽകിയാൽ ഒരു വർഷത്തിനുള്ളിൽ ഇരട്ടി സ്വർണ്ണം തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ 26.5 പവൻ കൈക്കലാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ കാപ്പാട് റോഡ് താഴെ ചൊവ്വ സ്വദേശിനി സാബിറയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് നടപടി. സംഭവത്തിൽ മുഴപ്പിലങ്ങാട് ഇ.കെ ഹൗസിൽ എ.പി. അഷറഫ് (45), പിണറായി സ്വദേശി ഇ. പ്രകാശൻ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2021 ഏപ്രിൽ 26-നും 2022 ഫെബ്രുവരി 21-നും ഇടയിലുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. അഞ്ച് തവണകളായിട്ടാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് സ്വർണ്ണം വാങ്ങിയത്. ഈ ആഭരണങ്ങൾ 7,90,000 രൂപയ്ക്ക് പണയം വെച്ച് പ്രതികൾ പണം കൈക്കലാക്കുകയായിരുന്നു.
കൂടാതെ, ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 10,000 രൂപ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 20,000 രൂപയും ഒന്നാം പ്രതി അഷറഫ് പരാതിക്കാരിയിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും വാങ്ങിയ സ്വർണ്ണമോ പണമോ തിരികെ നൽകാതെ വഞ്ചിച്ചതോടെയാണ് സാബിറ കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരെ വിശ്വാസവഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും പോലീസ് കേസെടുത്തിട്ടുണ്ട്.
