കണ്ണൂർ: തദ്ദേശ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ഫെബ്രുവരി 14, 15 തീയതികളിൽ വിപുലമായ ക്ലീനിംഗ് ഡ്രൈവ് നടത്താൻ തീരുമാനം. ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിലാണ് ഈ തീരുമാനം.
വാർഡ് അടിസ്ഥാനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ശുചീകരണം. ശുചിത്വ മിഷനും ഹരിത കേരള മിഷനും ഡ്രൈവിന് നേതൃത്വം നൽകും. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
* മാലിന്യ സംസ്കരണം: മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. ബോട്ടിൽ ബൂത്തുകളും എം.സി.എഫ് (MCF) സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിക്കണം.
* വന്യജീവി പ്രതിരോധം: വന്യമൃഗ ശല്യം തടയാൻ സോളാർ ഹാങ്ങിങ് ഫെൻസിംഗുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണം. തോക്ക് ലൈസൻസുള്ളവരുടെ പട്ടിക തയ്യാറാക്കി ഫോറസ്റ്റ് വകുപ്പിന് നൽകാൻ കലക്ടർ നിർദ്ദേശിച്ചു.
* എ.ബി.സി സെന്ററുകൾ: തെരുവുനായ ശല്യം പരിഹരിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എ.ബി.സി (ABC) സെന്ററുകൾ ആരംഭിക്കണം. ഇതിനായി സ്ഥലം കണ്ടെത്താത്ത പഞ്ചായത്തുകൾ അടിയന്തര നടപടി സ്വീകരിക്കണം.
* പാലിയേറ്റീവ് കെയർ: ഈ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ കൂടുതൽ വോളന്റിയർമാരെ കണ്ടെത്തണം.
* സ്വകാര്യ ഭൂമി: കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഉടമസ്ഥർ തന്നെ വെട്ടിത്തെളിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
