Zygo-Ad

കണ്ണൂര്‍ ടൗണ്‍ സ്ക്വയറിൽ അനധികൃത ഓഡിറ്റോറിയ നിര്‍മ്മാണം നിര്‍ത്തി വെക്കണം: കോര്‍പ്പറേഷൻ മേയര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി


കണ്ണൂർ: കണ്ണൂർ ടൗണ്‍ സ്‌ക്വയറിലെ വാഹന പാർക്കിംഗ് സ്ഥലം ഇല്ലാതാക്കി കോർപ്പറേഷന്റെ അനുമതിയില്ലാതെ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ പണി ഉടൻ നിർത്തി വെക്കാൻ മേയർ അഡ്വ.പി. ഇന്ദിര സ്റ്റോപ്പ്‌ മെമ്മോ വിലൂടെ ഉത്തരവിട്ടു. 

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടായ 90.90 ലക്ഷം രൂപ ചിലവില്‍ നിർമ്മിക്കുന്ന ഈ പദ്ധതി മൂലം പാർക്കിംഗ് സ്ഥലം ഇല്ലാതാകുകയാണെന്നും രണ്ട് ഓപ്പണ്‍ സ്റ്റേജുകള്‍ നിലനില്‍ക്കെ ഒരു പുതിയ ഓഡിറ്റോറിയത്തിന്റെ ആവശ്യകതയിവിടെയില്ലെന്നും ഇതുമൂലം മൈതാനത്ത് വിശ്രമിക്കാൻ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഇല്ലാതാവുകയാണെന്നും മൈതാനത്തിന്റെ മുഖ സൗന്ദര്യം ഇതുമൂലം നഷ്ടപ്പെടുമെന്നും ഇത് കൊട്ടിയടക്കപ്പെടുന്നതോടൊപ്പം കണ്ണൂർ ജനതക്ക് ശുദ്ധവായു ലഭിക്കുന്ന ഓക്സിജൻ പാർലറായി പ്രവർത്തിക്കുന്ന ഒരു തുറന്ന മൈതാനം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

രണ്ട് വർഷം മുമ്പ് പരിസ്ഥിതി പ്രവർത്തകനും കേരള സംസ്ഥാന ഉപഭോക്തൃ കൗണ്‍സില്‍ കണ്ണൂർ ജില്ലാ പ്രസിഡൻ്റുമായ ആർട്ടിസ്റ്റ് ശശികല എം.എല്‍.എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നല്‍കിയിരുന്നു. 

എന്നാല്‍ അതൊക്ക തള്ളിക്കൊണ്ട് ഇപ്പോള്‍ പ്രവൃത്തി ആരംഭിച്ചതിനെതിരെതുടർന്ന് ആർട്ടിസ്റ്റ് ശശികല വീണ്ടും കണ്ണൂർ ജില്ലാ കളക്ടർക്ക് ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ട് നിവേദനം നല്‍കിയെങ്കിലും കളക്ടറില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാതെ നശീകരണ പ്രവൃത്തി തുടരുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കണ്ണൂർ കോർപ്പറേഷൻ മേയർക്ക് ആർട്ടിസ്റ്റ് ശശികല പണി തടയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കോർപ്പറേഷന്റെ അനുമതിയില്ലാതെയാ ണ് പ്രവൃത്തി നടക്കുന്നതെന്ന് കണ്ടെത്തി നിർമ്മാണ ചുമതലയുള്ള പി.ഡബ്ലൂ.ഡിക്ക്‌ മേയർ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുള്ളത്. ഇതോടെ വിവാദ ഓഡിറ്റോറിയത്തിൻ്റെ പ്രവൃത്തി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Previous Post Next Post