Zygo-Ad

ആരോഗ്യമന്ത്രിയെ ആക്രമിച്ചു വെന്ന പ്രചാരണത്തിനു പിന്നില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചന: അഡ്വ. മാര്‍ട്ടിൻ ജോര്‍ജ്


കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. 

ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകള്‍ ഉള്‍പ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നില്‍ക്കുന്ന നിരവധി വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. 

പോലീസ് വലയത്തില്‍ ആയിരുന്നു മന്ത്രി വീണാ ജോർജ്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിക്ക രികില്‍ എത്തുന്നതിനു മുമ്പ് തന്നെ അവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു.

അതിനു ശേഷം പരസ്യമായി കെ.എസ്.യു പ്രവർത്തകരെ വെല്ലുവിളിക്കുന്ന രീതിയില്‍ മന്ത്രി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും. 

സംഭവത്തിനു ശേഷം യാതൊരു കുഴപ്പവും ഇല്ലാതെ നടന്നു നീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളില്‍ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

 മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചരണം വ്യാപകമായി നടത്തി അതിൻ്റെ പേരില്‍ സംസ്ഥാനത്തുടനീളം കലാപം അഴിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കൃത്യമായ തിരക്കഥ ഇതിന് പിന്നിലുണ്ട്.

മന്ത്രിയുടെ കൈക്ക് പരിക്കേറ്റു എന്ന് പറഞ്ഞു സിപിഎം സൈബറിടങ്ങളില്‍ പ്രദർശിപ്പിക്കുന്ന പാട് മന്ത്രിയുടെ നേരത്തെയുള്ള ദൃശ്യങ്ങളിലും കാണാം. 

ദൃശ്യ മാധ്യമങ്ങളെ അടക്കം കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ മുൻകൂട്ടി സജ്ജമാക്കിയതും കൃത്യമായ തിരക്കഥ അനുസരിച്ച്‌ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയതുമൊക്കെ നേരത്തെ പ്ലാൻ ചെയ്തത് പ്രകാരമാണെന്ന് വ്യക്തമാണ്. 

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കെഎസ്‌യു പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വേണം കാര്യങ്ങള്‍ വിലയിരുത്താൻ.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ഏതെങ്കിലും ഒരു ദൃശ്യം സിപിഎമ്മിന്റെ പാർട്ടി ചാനല്‍ പോലും പുറത്തു വിട്ടിട്ടില്ല. ഇല്ലാത്ത അക്രമം നടന്നു എന്ന് വരുത്തി പ്രതികൂലമായ രാഷ്ട്രീയ അന്തരീക്ഷത്തെ മറികടക്കാനുള്ള ഗൂഢ തന്ത്രമാണ് സിപിഎം നേതൃത്വം കൈക്കൊള്ളുന്നത്. 

ഇത് ജനങ്ങള്‍ തിരിച്ചറിയും. കരിങ്കൊടി പ്രതിഷേധം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. മന്ത്രിമാരെ കായികമായി നേരിടുന്നതൊന്നും കോണ്‍ഗ്രസിൻ്റെയോ പോഷക സംഘടനകളുടെയോ ശൈലിയല്ല.

 മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച സിപിഎമ്മുകാരുടെ ക്രിമിനല്‍ മനസല്ല കോണ്‍ഗ്രസ് പോഷക സംഘടനാ പ്രവർത്തകർക്കെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Previous Post Next Post