കണ്ണൂർ: യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് പുതിയ കണക്ഷൻ സർവീസുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ശ്രീനഗർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തുടങ്ങുന്നത്.
ശ്രീനഗറിലേക്ക് ഇൻഡിഗോ:
ഇൻഡിഗോ എയർലൈൻസ് ഡൽഹി വഴിയാണ് ശ്രീനഗറിലേക്ക് കണക്ഷൻ സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.15-ന് ശ്രീനഗറിൽ എത്തുന്ന രീതിയിലാണ് സമയക്രമം. തിരികെ വൈകിട്ട് 5.35-ന് പുറപ്പെട്ട് പുലർച്ചെ 12.45-ന് കണ്ണൂരിലെത്തും. 10,300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വൈകാതെ തന്നെ ഗോവയിലേക്കും ഇൻഡിഗോ സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്.
ചണ്ഡിഗഡിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്:
ചണ്ഡിഗഡിലേക്ക് പ്രതിദിന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. ബെംഗളൂരു വഴിയുള്ള ഈ സർവീസിന് ഏകദേശം 5 മണിക്കൂറാണ് യാത്രാ സമയം. രാവിലെ 10.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 3.15-ന് ചണ്ഡിഗഡിലെത്തും. ഈ റൂട്ടിൽ 9,817 രൂപ മുതലാണ് നിരക്ക്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
പുതിയ സർവീസുകൾ മലബാർ മേഖലയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും.
