കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിനു മുൻവശത്തുള്ള ജയില്‍ വളപ്പിന്‍റെ പിറക് വശത്തും റോഡിലുമായി മാലിന്യങ്ങള്‍ തള്ളുന്നത് പ്രദേശവാസികള്‍ക്കു ദുരിതമായിരിക്കുകയാണ്.
ജയ് ജവാൻ റോഡിനോടു ചേർന്ന പറന്പിലും റോഡരികിലുമായാണ് വാഹനങ്ങളിലും മറ്റുമായി ദൂര ദിക്കുകളിലുള്ളവർ രാപ്പകല്‍ വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടിടുന്നത്.
ഇന്നു രാവിലെ ജയില്‍ വളപ്പില്‍ കുട്ടികളുടെ ഡയപ്പറുകള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കൊണ്ടു വന്നു തള്ളിയത്. കാക്കകളും മറ്റും ഇവ കൊത്തി കിണറുകളിലും മറ്റും കൊണ്ടിടാനുള്ള സാധ്യത ഏറെയാണെന്നത് സമീപത്തെ വീട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.
ഇതിനു മുമ്പും സമാന സംഭവമുണ്ടായിരുന്നു. അന്ന തെരുവ് നായകള്‍ മാലിന്യം കടിച്ചു വലിച്ച് റോഡിലാക്കിയതിനെ തുടർന്ന് ഇതുവഴി നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥ ഉടലെടുത്തിരുന്നു. ജയില്‍ വളപ്പില്‍ സെക്യൂരിറ്റി ജീവനക്കാരില്ലാത്തത് മറയാക്കിയാണ് പലരും മാലിന്യം കൊണ്ടു വന്നു തള്ളുന്നത്.
മാലിന്യം തള്ളുന്നത് തടയാനും മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താനും ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉടൻ നടപടി ആവശ്യമാണ്.
