Zygo-Ad

ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം


കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ രാഷ്ട്രീയ സംഘര്‍ഷം. 

ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.

അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി പയ്യന്നൂരിലുടനീളം പോസ്റ്ററുകള്‍ പതിച്ചതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

 6 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, 3 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗൂണ്ടകളെ ഇറക്കി ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

മര്‍ദ്ദിച്ചത് എംഎല്‍എയുടെ ആളുകളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയദര്‍ശിനി ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരോപണങ്ങള്‍ തള്ളി നേതൃത്വം

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം പൂര്‍ണ്ണമായും തള്ളി.

 പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സ്വയം വിശുദ്ധനാകാനുള്ള ശ്രമമാണ് കുഞ്ഞികൃഷ്ണന്‍ നടത്തുന്നതെന്നും എം.വി. ജയരാജന്‍ കുറ്റപ്പെടുത്തി.

 ധനാപഹരണം നടന്നിട്ടില്ലെന്നും കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വന്ന സാങ്കേതികമായ വീഴ്ച മാത്രമാണിതെന്നുമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.

കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍

ടെലിവിഷന്‍ ചാനലിന് കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ സാമ്പത്തിക തിരിമറികള്‍ കുഞ്ഞികൃഷ്ണന്‍ തുറന്നു പറഞ്ഞത്. 

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ലക്ഷങ്ങളുടെ കുറവുണ്ടെന്നാണ് ആരോപണം. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുക്കിയെന്നും ആരോപണമുണ്ട്.

എന്നാല്‍, മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും 'കോടാലി കൈ' ആയി കുഞ്ഞികൃഷ്ണന്‍ മാറിയെന്നാണ് സിപിഎം പ്രതിരോധം.

'ഒറ്റുകാരന്‍' പോസ്റ്ററുകള്‍

പയ്യന്നൂരിലെ വിവിധ ഭാഗങ്ങളില്‍ കുഞ്ഞികൃഷ്ണനെതിരെ 'ഒറ്റുകാരനെ ജനം തിരിച്ചറിയും' എന്നെഴുതിയ പോസ്റ്ററുകളും ഫ്‌ലക്‌സുകളും സിപിഎം ഉയര്‍ത്തിയിട്ടുണ്ട്. 

വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണെന്ന് നേതൃത്വം ആരോപിക്കുമ്പോഴും, തന്റെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും മറ്റ് പാര്‍ട്ടികളിലേക്ക് പോകാനില്ലെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പയ്യന്നൂരില്‍ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് നിലപാട്

'രക്തസാക്ഷികളുടെ പേരില്‍ പിരിച്ച പണം സ്വന്തം കീശയിലാക്കിയ എംഎല്‍എയ്ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. 

സിപിഎം പാര്‍ട്ടി കോടതിയിലല്ല, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് ഈ തട്ടിപ്പിന് വിചാരണ നടക്കേണ്ടത്,' എന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി. എംഎല്‍എയുടെ ഓഫിസിലേക്ക് വരുംദിവസങ്ങളില്‍ ബഹുജന മാര്‍ച്ച്‌ നടത്താനാണ് യുഡിഎഫ് തീരുമാനം.

ബിജെപി ആരോപണം

'സിപിഎമ്മിന്റെ അഴിമതിയുടെ പര്‍വ്വതമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പാവപ്പെട്ട അണികളെ വഞ്ചിച്ച നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സമരം തുടരും,' എന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

Previous Post Next Post