കണ്ണൂർ: ബെംഗളൂരില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണം ദൗർഭാഗ്യകരമാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
കണ്ണൂർ പ്രസ് ക്ളബ്ബില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് സി.ജെ റോയി. അദ്ദേഹത്തിൻ്റെ മരണം റെയ്ഡിൻ്റെ മറവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പീഡനം മൂലമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങള്‍ തന്നെ ആരോപിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ കുറിച്ച് നേരത്തെയും ഇത്തരം പരാതികള്‍ ഉയർന്നിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പരിഹരിക്കാൻ കഴിയാവുന്ന പ്രശ്നങ്ങള്‍ മാത്രമേ റെയ്ഡിനു ശേഷവും ഉണ്ടായിരുന്നുള്ളൂ എന്നാണ് മനസ്സിലാകുന്നത്.
റോയി സ്വയം വെടിവെച്ചു മരിച്ചതിനു ശേഷവും ഒന്നര മണിക്കൂർ റെയ്ഡ് തുടർന്നു വെന്നാണ് വാർത്തകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെയും രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻമാർ ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
