മാവിലായി: പാവങ്ങളുടെ പടത്തലവൻ എ.കെ. ഗോപാലന്റെ സ്മരണകൾ ഉറങ്ങുന്ന പെരളശേരിയുടെ ടൂറിസം സാധ്യതകൾക്ക് പുതിയ ഉണർവേകി 'എ കെ ജി ഹെറിറ്റേജ് സ്ക്വയർ' യാഥാർത്ഥ്യമാകുന്നു. മാവിലായിയിൽ ഹെറിറ്റേജ് വില്ലേജ് സ്ഥാപിക്കുന്നതിനും എ.കെ.ജി സ്മൃതിമണ്ഡപം സൗന്ദര്യവൽക്കരിക്കുന്നതിനുമായി സർക്കാർ ഭരണാനുമതി നൽകി. കിഫ്ബി ധനസഹായത്തോടെ തദ്ദേശഭരണ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയോരത്ത് മാവിലായി മൂന്നാംപാലത്ത് വലിയതോടിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ചത്വരമൊരുങ്ങുന്നത്. റോഡ് വികസനത്തെത്തുടർന്ന് കച്ചവടം തടസ്സപ്പെട്ട പ്രദേശത്തെ വ്യാപാരികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ബജറ്റിൽ 25 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
പദ്ധതിയിലെ പ്രധാന ആകർഷണങ്ങൾ:
* സാംസ്കാരിക കേന്ദ്രം: ഓപ്പൺ എയർ തിയറ്റർ, സാംസ്കാരിക പരിപാടികൾക്കുള്ള വേദി.
* സൗകര്യങ്ങൾ: ഷോപ്പിങ് കിയോസ്കുകൾ, കോഫി ഷോപ്പ്, വിശാലമായ കാർ പാർക്കിങ്, ടോയ്ലറ്റ് സംവിധാനങ്ങൾ.
* വിപണനം: പ്രാദേശിക കരകൗശല വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിൽപന കേന്ദ്രങ്ങൾ.
പെരളശേരി എ.കെ.ജി മ്യൂസിയം, മക്രേരി അമ്പലം, പെരളശേരി ക്ഷേത്രം, ചെറുമാവിലായി ഡാം സൈറ്റ് പാർക്ക്, മാവിലാക്കാവ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ടൂറിസം സർക്യൂട്ടായി ഈ പ്രദേശം മാറുന്നതോടെ സ്വദേശി-വിദേശി സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാവിലായി മാറും.
