കണ്ണൂർ: ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലുമടക്കം കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ സിപിഎം സ്ഥാനാർഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടറോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. സിപിഎം സ്ഥാനാർഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ കാരണം സംഘടിത ഭീഷണിയും മറ്റുള്ളവർക്ക് പത്രിക സമർപ്പിക്കാനുള്ള സ്വാതന്ത്യം നിഷേധിക്കപ്പെട്ടതുമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
ജനാധിപത്യ തെരഞ്ഞെടുപ്പില്‍ പരസ്യമായോ രഹസ്യമായോ പത്രിക നല്‍കുന്ന പ്രവൃത്തിയില്‍ നിന്ന് പൗരന്മാരെ തടയുന്നതും വിലക്കുന്നതും ഭീഷണിയും അധികാരവും ഉപയോഗിച്ച് മാറ്റി നിർത്തുന്നതും ഗുരുതര കുറ്റകൃത്യമാണെന്നാണ് പരാതിയിലെ പരാമർശം.
