കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍ വകുപ്പ് വീണ്ടും പരോള്‍ അനുവദിച്ച നടപടി വിവാദമാകുന്നു.
കേസിലെ നാലാം പ്രതി ടി കെ രജീഷിനാണ് ഇപ്പോള്‍ 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പരോളാണ് രജീഷിന് ലഭിക്കുന്നത്.
കണ്ണൂർ സെൻട്രല്‍ ജയിലിലെ തടവുകാരനായ ടി കെ രജീഷിന് സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണൂർ താണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി രജീഷിന് പരോള്‍ അനുവദിച്ചിരുന്നു.
ഈ മാസം ഏഴിനാണ് ചികിത്സ കഴിഞ്ഞ് ഇയാള്‍ ജയിലില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെയാണ് പുതിയ പരോള്‍ അനുവദിച്ചിരിക്കുന്നത്. മുൻപ് ഓഗസ്റ്റ് മാസത്തിലും ഇയാള്‍ക്ക് 30 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.
ജയില്‍ ശിക്ഷ അനുഭവിക്കവെ ബെംഗളൂരുവിലെ കള്ളത്തോക്ക് കടത്തുമായി ബന്ധപ്പെട്ട് ടി കെ രജീഷിനെ കർണാടക പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.
ടി പി വധക്കേസിലെ മുഖ്യ പ്രതികളായ കൊടി സുനിയും ടി കെ രജീഷും ഉള്‍പ്പെടെയുള്ളവർ സെൻട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയില്‍ വകുപ്പ് ഇക്കാര്യം പോലീസിനെയും സർക്കാരിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
ടി പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിക്ക് ഏഴ് മാസത്തിനിടെ 60 ദിവസം പരോള്‍ അനുവദിച്ചിരുന്നു.
2024 ഡിസംബർ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലായിരുന്നു ഇത്. പരോള്‍ കാലയളവില്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ടി കെ രജീഷിന് നിർദ്ദേശമുണ്ട്.
ജയില്‍ രേഖകളില്‍ എറണാകുളത്തെ വിലാസമാണ് നല്‍കിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. ടി പി വധക്കേസ് കൂടാതെ മറ്റ് ചില കേസുകളിലും പ്രതിയാണ് ടി കെ രജീഷ്.
