
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തെ പരോളിലാണ് രണ്ട് പ്രതികളും പുറത്തിറങ്ങിയത്. സ്വഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ചൊക്ലി പറമ്പത്ത് വീട്ടിൽ കെ.കെ.മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു
കേസിലെ നാലാം പ്രതി ടി.കെ രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയൊരാൾക്കു കൂടി പരോൾ ലഭിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രജീഷിന് 3 മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോളാണ്. ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെചുള്ളവർക്ക് പരോൾ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ രജീഷിന്റെ പരോളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
30 മാസത്തെ പരോൾ കഴിഞ്ഞ് സെപ്റ്റംബറിൽ ജയിലിലെത്തിയ രജീഷ് ഒന്നരമാസമായി ആയുർവേദ ചികിത്സയിലായിരുന്നു. അത് കഴിയുമ്പോഴേക്കും പുതിയ പരോളും ലഭിച്ചു. കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസമാണ് പരോൾ ലഭിച്ചത്.