കണ്ണൂർ: അഗ്നിശമന-ദുരന്തനിവാരണ മേഖലയിൽ പുതിയ ചരിത്രമെഴുതി രാജ്യത്തെ ആദ്യത്തെ ലോകോത്തര ഫയർ അക്കാദമി കണ്ണൂരിലെ മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ വരുന്നു. നാലര ഏക്കറിൽ ഒരുങ്ങുന്ന അക്കാദമിയുടെ ശിലാസ്ഥാപനം ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകൾ
കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി (CUSAT) അഫിലിയേറ്റ് ചെയ്താണ് അക്കാദമിയിലെ കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇത്തരമൊരു സ്ഥാപനം ആദ്യമായാണ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
* എം.എസ്.സി ഫയർ ആൻഡ് സേഫ്റ്റി.
* പി.ജി ഡിപ്ലോമ ഇൻ ഫയർ ടെക്നോളജി.
* പി.ജി ഡിപ്ലോമ ഇൻ ഫയർ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്.
ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ആദ്യഘട്ടത്തിൽ എം.എസ്.സിക്ക് 20 സീറ്റുകളും ഡിപ്ലോമ കോഴ്സുകൾക്ക് 30 സീറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
20 കോടിയുടെ പദ്ധതി
നിർമാൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 20 കോടി രൂപ ചിലവഴിച്ചാണ് അക്കാദമി നിർമ്മിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ അക്കാദമി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കും. ഗവേഷണ കേന്ദ്രം, അത്യാധുനിക ലാബുകൾ, ലൈബ്രറി, ഹോസ്റ്റൽ സൗകര്യം എന്നിവയും ക്യാമ്പസിൽ ഒരുക്കും. അക്കാദമി പൂർണ്ണസജ്ജമാകുന്നതോടെ അഗ്നിരക്ഷാ സേനാംഗങ്ങൾക്കുള്ള പ്രൊഫഷണൽ പരിശീലനവും ഇവിടെ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
