ചെറുവത്തൂർ: കാസർഗോഡ് ചെറുവത്തൂരിൽ സി.പി.എം. പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.ടി.യു) കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും, സി.പി.എം. ചെറുവത്തൂർ രാമഞ്ചിറ ബ്രാഞ്ച് അംഗവുമായ ആർ.സി. വിജയന്റെ ബൈക്കാണ് കത്തിച്ചത്.
വീടിന് സമീപം പാലം നിർമ്മാണം നടക്കുന്നതിനാൽ ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വിവരം അറിയിച്ചു. തൃക്കരിപ്പൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് തീയണച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപം പാലം നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന ജെ.സി.ബി. ഉണ്ടായിരുന്നു. എന്നാൽ, തക്ക സമയത്ത് തീയണയ്ക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.
സംഭവസ്ഥലത്തെത്തിയ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം.
