കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. ബിനോയ് കുര്യനെയും വൈസ് പ്രസിഡന്റായി ടി. ഷബ്‌നയെയും സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന ബിനോയ് കുര്യനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ തന്നെ പരിഗണിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, ഭരണരംഗത്തെ നീണ്ട പ്രവർത്തന പരിചയം ടി. ഷബ്‌നയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
നേതൃനിരയിലെ കരുത്തർ:
* അഡ്വ. ബിനോയ് കുര്യൻ (പ്രസിഡന്റ്): ഇരിട്ടി മണിക്കടവ് സ്വദേശിയായ ബിനോയ് കുര്യൻ നിലവിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. മട്ടന്നൂർ പി.ആർ.എൻ.എസ് കോളേജ് യൂണിയൻ ചെയർമാനായുളള തുടക്കം മുതൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. പേരാവൂർ മണ്ഡലത്തിൽ നിന്നും രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
* ടി. ഷബ്‌ന (വൈസ് പ്രസിഡന്റ്): പാട്യം ഡിവിഷനിൽ നിന്നാണ് ഷബ്‌ന ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. 2005 മുതൽ തദ്ദേശ ഭരണരംഗത്ത് സജീവമാണ്. കോട്ടയം ഗ്രാമപഞ്ചായത്ത് അംഗം, മാങ്ങാട്ടിടം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം, സ്ഥിരം സമിതി അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയസമ്പത്താണ് ഷബ്‌നയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചത്.
കഴിഞ്ഞ ഭരണസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ നേതൃത്വം ജില്ലയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
