Zygo-Ad

കണ്ണൂർ സിപിഐഎം അഴീക്കോടൻ മന്ദിരത്തിലെ ചുമരുകളില്‍ ഉണ്ണി കാനായിയുടെ കരവിരുതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോരാട്ട ചരിത്രം


കണ്ണൂർ: സിപിഐഎം അഴീക്കോടൻ മന്ദിരത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര പ്രസിദ്ധമായ പോരാട്ടം ഓർമ്മപ്പെടുത്തുന്ന രീതിയില്‍ ചുമർ ചിത്രങ്ങള്‍ ഒരുങ്ങുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പോരാട്ട വീര്യം ഒന്നും ചോർന്നു പോവാതെയാണ് ശില്പി ഉണ്ണി കാനായി രേഖപ്പെടുത്തുന്നത്. പാറപ്പുറം സമ്മേളനം മുതല്‍ കൂത്തുപറമ്പ് വെടിവെപ്പ് വരെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന ചിത്രങ്ങള്‍ ഏറെ മനോഹരമാണ്.

പാറപ്പുറം സമ്മേളനം, തലശ്ശേരി അബു ചാത്തുക്കുട്ടിയുടെ രക്തസാക്ഷിത്വം, മൊറാഴ സംഭവം, കയ്യൂര് കരിവെള്ളൂർ മുനയംകുന്ന് കോറോം കൂടാതെ പാടിക്കുന്ന് ഒഞ്ചിയം കാവുമ്പായി തില്ലങ്കേരി പുന്നപ്ര വയലാർ പഴശ്ശി കൂത്തുപറമ്പ് വെടിവെപ്പ് എന്നിങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ട വീര്യം അടയാളപ്പെടുത്തുന്ന ചുമർ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

ചരിത്ര പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. ഡോക്ടർ രാജേഷ് കടന്നപ്പള്ളിയുടെ ചുവന്ന വീട് എന്ന പുസ്തകത്തില്‍ ഉണ്ണിക്കാനായി ചെയ്ത ഇൻസ്റ്റലേഷൻസ് രേഖാചിത്രങ്ങള്‍ ഏറെ ഗുണം ചെയ്തു. കൂടാതെ ഉണ്ണികാനായി പാർട്ടി സമ്മേളനങ്ങളില്‍ ചരിത്ര പ്രദർശനത്തിന്റെ ഭാഗമായി നിരവധി സമര പോരാട്ടങ്ങളുടെ ശില്പങ്ങള്‍ ഒരുക്കിയത് ഈ ചുവർചിത്ര നിർമ്മാണത്തിന് ഏറെ ഗുണം ചെയ്തു എന്നും ശില്പി പറയുന്നു.


ആറടി ഉയരത്തില്‍ ക്യാൻവാസില്‍ 24 മീറ്റർ നീളത്തിലാണ് ചിത്രങ്ങള്‍ ഒരുക്കിയത്. അക്രിലിക് കളർ ഉപയോഗിച്ച്‌ രണ്ടാഴ്ച കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. സഹായകരായി തമ്പാൻ പെരിന്തട്ടയും മെഹറൂഫ് പിലാത്തറയും ഉണ്ട്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് , സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എംവി ജയരാജൻ എന്നിവർ നിർദ്ദേശങ്ങള്‍ നല്‍കി. കൂടാതെ സാംസ്കാരിക പ്രവർത്തകൻ എ വി രഞ്ജിത്തിന്റെ സഹായവും ഏറെ ഗുണം ചെയ്തുവെന്ന് ശില്പി ഉണ്ണിക്കാനായി പറയുന്നു. ഇതുകൂടാതെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ അഴിക്കോടൻ രാഘവന്റെ അർദ്ധ പ്രതിമയും പാവങ്ങളുടെ പടത്തലവൻ എകെജിയുടെ കൂറ്റൻ ഇൻസ്റ്റലേഷൻ ആർട്ടും ശില്പി ഉണ്ണിക്കാനായി ഒരുക്കിയിട്ടുണ്ട്.

Previous Post Next Post