കണ്ണൂർ: കുറ്റകൃത്യം നടന്നയിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താൻ ജില്ലയിലെ പൊലീസിന് പുതിയ ഫോറൻസിക് വാൻ ഒരുങ്ങി.
അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ഫോറൻസിക് വാൻ പരിശോധന ഉപകരണങ്ങളും ലാബ് യൂണിറ്റുമായി എത്തുന്നത് പഴുതടച്ച അന്വേഷണത്തിന് വലിയ തോതില്‍ പ്രയോജനം ചെയ്യും.
കണ്ണൂർ സിറ്റി പോലീസിന് പുതുതായി അനുവദിച്ച അത്യാധുനിക മൊബൈല്‍ ഫോറൻസിക് വാൻ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി, ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു.
പോലീസ് വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 19 ജില്ല പോലീസുകള്‍ക്കായി ഓരോ മൊബൈല്‍ ഫോറൻസിക് വാനുകളും അനുവദിച്ചതിന്റെ ഭാഗമായാണ് ഈ വാൻ കണ്ണൂർ സിറ്റി പോലീസിന് ലഭിച്ചത്.
സാധാരണ ഗതിയില്‍ കുറ്റകൃത്യം നടന്നയിടങ്ങളില്‍ എത്തുന്ന ഫോറൻസിക് ടീം തെളിവുകള്‍ ശേഖരിച്ച് ഫോറൻസിക് ലാബില്‍ എത്തിക്കും. ലാബില്‍ വച്ചാണ് തുടർ പരിശോധന നടക്കുന്നത്.
ഈ രീതിയില്‍ ആവശ്യമുള്ളവ ഏതെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസമുണ്ടാകാറുണ്ട്. സംശയം തോന്നിക്കുന്ന നിരവധി സാധനങ്ങള്‍ ശേഖരിക്കേണ്ട സ്ഥിതിയും പഴയ രീതിക്കുണ്ട്.
ഫോറൻസിക് വാൻ സജ്ജമായതോടെ സ്ഥലത്ത് വച്ച് തെളിവുകള്‍ സമയ ബയന്ധിതമായി പരിശോധിക്കാൻ കഴിയുമെന്നാണ് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പറയുന്നത്. സംഭവ സ്ഥലത്ത് തന്നെ പരിശോധന ഫലം ലഭിക്കുന്നത് തുടരന്വേഷണത്തിനും ഗുണം ചെയ്യും.
പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാകും
പഴയനിലയില്‍ മുടി, രക്തം, മറ്റ് ശരീര സ്രവങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, മയക്കുമരുന്ന്, സ്ഫോടക വസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ക്രൈം സീനില്‍ നിന്നും ഇവ തരംതിരിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. ഇതിന് പുറമെ കുറ്റകൃത്യങ്ങളിലുള്ള ബാലിസ്റ്റിക് പരിശോധനയും പുതിയ ലാബ് യൂണിറ്റ് വരുന്നതോടെ കാര്യക്ഷമമാകും.
കാമറ മുതല്‍ ഫ്രീസർ വരെ
കുറ്റകൃത്യം നടന്നാല്‍ സമയ നഷ്ടമുണ്ടാകാതെ ഏത് രാത്രിയിലും പരിശോധനകള്‍ പൂർത്തിയാക്കാമെന്ന പ്രത്യേകത മൊബൈല്‍ ഫോറൻസിക് യൂണിറ്റിനുണ്ട്. ഇതിനായി എല്ലാ ആധുനിക സജ്ജീകരണങ്ങളും വാനുകളിലുണ്ടാകും.
തീവ്രതയേറിയ ലൈറ്റ്, സ്ഥലത്ത് പരിശോധന നടത്താനുള്ള കൃാമറകള്‍, തണുപ്പിച്ച് സൂക്ഷിക്കേണ്ടുന്ന തെളിവുകള്‍ വയ്ക്കാനുള്ള കണ്ടെയിനറുകള്‍ എന്നിവയും മൊബൈല്‍ ലാബില്‍ ഉണ്ട്.
ഇത് തെളിവുകളുടെ കൃത്യത നഷ്ടപ്പെടാതിരിക്കാനും സഹായകമാകും. വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജില്ല പൊലീസുകള്‍ക്കായി ഫോറൻസിക് വാനുകള്‍ അനുവദിച്ചത്.
ജില്ല ഫോറൻസിക് യൂണിറ്റിന് വലിയൊരു മുതല്‍ക്കൂട്ടാണിത്. കുറ്രാന്വേഷണത്തില്‍ കുറച്ച് കൂടി കൃത്യത വരുത്താനും സമയ നഷ്ടമില്ലാതാക്കാനും ഇതിലൂടെ സാധിക്കും. പി.നിധിൻ രാജ് സിറ്റി പൊലീസ് കമ്മീഷണർ

