Zygo-Ad

സത്യസന്ധതയ്ക്ക് മാതൃകയായി കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍: യാത്രക്കാരൻ മറന്നു വെച്ച അര ലക്ഷത്തോളം രൂപ മടക്കി നല്‍കി


കണ്ണൂർ: യാത്രക്കാരൻ ഓട്ടോറിക്ഷയില്‍ മറന്നു വെച്ച അര ലക്ഷത്തോളം രൂപ തേടി പിടിച്ച്‌ തിരികെ നല്‍കി ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി 'ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുല്‍ സത്താറാണ് തൻ്റെ സത്യസന്ധതയിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയത്.

കഴിഞ്ഞ ദിവസം പകലാണ് സംഭവം. താണയില്‍ നിന്നും മേലെ ചൊവ്വയിലെ യൂനിയൻ ബാങ്കിലേക്ക് പോകുന്നതിനാണ് വയോധികൻ അബ്ദുല്‍ സത്താറിൻ്റെ ഓട്ടോയില്‍ കയറിയത്. 

അര മണിക്കൂറോളം കാത്തു നിന്നതിന് ശേഷം തിരികെ താണയിലെത്തിച്ചു. ഇതിനിടെയുണ്ടായ സൗഹൃദ സംഭാഷണത്തിനിടെ താണ സ്കൂളിന് സമീപമുള്ള ഒരു ഓടിട്ട വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് വയോധികൻ പറയുകയുണ്ടായി.

ഇതിന് ശേഷം കുറുവയിലേക്ക് ഒരു യാത്രക്കാരിയെയും കൊണ്ടു പോയി ഇറക്കി കണ്ണൂർ സിറ്റിയിലേക്ക് ഒരു യാത്രക്കാരനെയും കൊണ്ടു മടങ്ങുകയായിരുന്നു സത്താർ. ഇതിനിടെയില്‍ പിൻ സീറ്റില്‍ ഒരു ബാഗിരിക്കുന്ന കാര്യം യാത്രക്കാരനാണ് ശ്രദ്ധയില്‍പ്പെടുത്തുന്നത്. 

ഇതോടെ ആദ്യം ബാങ്കിലേക്ക് കൊണ്ടുപോയ യാത്രക്കാരൻ്റെ താ ണെന്ന് വ്യക്തമാവുകയായിരുന്നു. ബാഗ് തുറന്നു നോക്കിയപ്പോള്‍ അഞ്ഞൂറിൻ്റെ കെട്ടുകളായ അൻപതിനായിരം രൂപയും രണ്ട് ചെക്ക് ബുക്കും ഒരു എ.ടി.എം കാർഡും കണ്ടെത്തി.

വഴിയില്‍ കണ്ട കണ്ണൂർ ടൗണ്‍എസ്.ഐ വി. വിദീപ്തിയെ കാര്യം ധരിപ്പിച്ച അബ്ദുല്‍ സത്താർ ഇവരുടെ നിർദ്ദേശപ്രകാരം പണം നഷ്ടപ്പെട്ടയാളെ തിരക്കി താണയിലെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം കൈയ്യില്‍ നിന്നും ബാഗ് നഷ്ടപ്പെട്ടതില്‍ ദുഃഖിച്ചിരിക്കുകയായിരുന്നു വയോധികനും കുടുംബവും. 

ഒട്ടോ ഡ്രൈവർ അബ്ദുല്‍ സത്താർ തനിക്ക് ബാഗ് കിട്ടിയിട്ടുണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ പുതു ജീവനാണ് അവർക്ക് തിരിച്ചു കിട്ടിയത്. ആശ്വാസത്തോടെ നിറഞ്ഞ ചിരിയോടെ തന്നെ സ്വീകരിച്ച വയോധികനോടും കുടുംബത്തിനെയും കൊണ്ടു പണം എണ്ണി നോക്കി ഉറപ്പു വരുത്തിച്ചതിനു ശേഷമാണ് അബ്ദുല്‍ സത്താർ മടങ്ങിയത്. 

തൻ്റെ ഓട്ടോയില്‍ നിന്നും യാത്രക്കാരന് നഷ്ടമായ പണം ഉത്തരവാദിത്വത്തോടെ തിരിച്ചേല്‍പ്പിച്ച അബ്ദുല്‍ സത്താറിനെ കണ്ണൂർ ടൗണ്‍ പൊലിസ് വിളിച്ചു വരുത്തി അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയിലും സത്താർ വീട്ടുകാർക്ക് പണം കൈമാറുന്ന ദൃശ്യം പ്രചരിക്കുന്നുണ്ട്.

Previous Post Next Post