കണ്ണൂർ :വ്യവസായ വാണിജ്യ വകുപ്പിന്റെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ ആരംഭിച്ച ജില്ലാതല വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി നിർവഹിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ നിധിൻ ഇ. ആർ, ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീ. കെ.പി. ഗിരീഷ് കുമാർ , ശ്രീ. ശരത്ത് ശശിധരൻ പ്രോഗ്രാം കോ- ഓർഡിനേറ്റർ ശ്രീ പി ജി നന്ദകുമാർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 28 വരെയുള്ള മേളയിൽ നാളികേര ഉൽപ്പന്നങ്ങൾ ചക്ക ഉൽപ്പന്നങ്ങൾ മാങ്ങയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തേൻ ഉൽപ്പന്നങ്ങൾ അലങ്കാരവസ്തുക്കൾ മ്യൂറൽ പെയിൻറിംഗ്സ് ഡിസൈനർ ഗാർമെൻറ്സ് ഫർണിച്ചർ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഉൽപ്പന്നങ്ങളുടെ 52 സ്റ്റാളുകൾ മേളയിലുണ്ട്. രാവിലെ 10 മണി മുതൽ .രാത്രി 8 മണി വരെ പ്രവേശനം സൗജന്യമാണ്.
കേരള സ്റ്റാറ്റസ് അപ്പ് മിഷന്റെ മാർക്കറ്റ് ആക്സിലറേഷൻ ഗ്രാൻഡ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൻ്റെ ബെസ്റ്റ് ഫുഡ് ഇന്നവെറ്റേഴ്സ് അവാർഡ് ജില്ലാ പഞ്ചായത്തിൻറെ ഏറ്റവും നല്ല സ്റ്റാർട്ട് അപ്പ് നുള്ള അവാർഡ് എന്നിവ ലഭിച്ച മെ. പപ്പുവാൻ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ, ജില്ലയിൽ കോക്കനട്ട് ഓയിൽ വിഭാഗത്തിൽ സംസ്ഥാന സർക്കാരിൻ്റെ കേരള ബ്രാൻഡ് അംഗീകാരം ലഭിച്ച അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് (സഹകാരി വെളിച്ചെണ്ണ), സാലിസൺ കമ്പനിയുടെ വിവിധ ഇനത്തിലുള്ള സോഫ്റ്റ് ഡ്രിങ്ക് ഉത്പന്നങ്ങൾ, എൻ്റെ കേരളം കണ്ണൂർ എക്സിബിഷനിൽ മികച്ച വനിതാ യൂണിറ്റിനുള്ള അവാർഡ് ലഭിച്ച മെ. ഉണ്ണിക്കണ്ണൻ നെറ്റിപ്പട്ടം ആൻഡ് ഹാൻഡി ക്രാഫ്റ്റ്, മെ.കൃഷ്ണ ആയുർവേദ ഫാർമസിയുടെ വിവിധ ആയുർവേദ ഉത്പന്നങ്ങൾ, മെ.എസ് എം ഹാൻഡ് ക്രാഫ്റ്റ് എന്ന സ്ഥാപനത്തിന്റെ ചിരട്ട കൊണ്ടുള്ള വിവിധ കരകൗശല ഉത്പന്നങ്ങൾ, എൻ്റെ കേരളം എക്സിബിഷനിൽ മികച്ച യൂണിറ്റിന് അവാർഡ് ലഭിച്ചതും, ഹാൻഡ് മെയ്ഡ് ഓർണമെൻ്റ്സ് ഉണ്ടാക്കുന്നതുമായ മെ.അലങ്കാർ ഒർണമെന്റ്, കൂടാതെ ജില്ലയിലെ വിവിധ ഭക്ഷ്യ, ഗാർമൻ്റ്സ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവ ഈ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
ജില്ലയിലെ വ്യവസായ സംരഭങ്ങളുടെ ഉത്പന്നങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും, അതുവഴി സംരംഭങ്ങളുടെ മാർക്കറ്റ് വിപുലപ്പെടുത്തു കയുമാണ് മേളയുടെ പ്രധാന ലക്ഷ്യം.
