പരിയാരം: കുടുംബ വഴക്കിനെ തുടർന്ന് അംഗൻവാടി ജീവനക്കാരെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടു പോകാൻ ശ്രമിച്ച പിതാവിനെ നാട്ടുകാർ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണ്‍വാടി ഹെല്‍പ്പർ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക് (57) പരിക്കേറ്റു.
ഇവരെ കൈകൊണ്ട് മർദ്ദിക്കുകയും കൈമുട്ടു കൊണ്ട് ഇടിച്ചു വീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്.
കണ്ണംകൈയിലെ നിയാസിന്റെ പേരില്‍ പോലീസ് കേസെടുത്തു. കണാരംവയലിലെ അങ്കണവാടിയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് നിയാസും ഭാര്യയും വേർപിരിഞ്ഞു താമസിക്കുകയാണ്.
കുട്ടിയെ അങ്കണവാടിയില്‍ ചേർക്കുമ്പോള്‍ തന്നെ പിതാവ് വന്നാല്‍ കൂടെ അയക്കരുതെന്ന് മാതാവ് നിർദ്ദേശിച്ചിരുന്നതിനാല്‍ വർക്കറായ പെരുമ്പടവ് സ്വദേശിനി തങ്കമണിയും ഹെല്‍പ്പർ പ്രമീളയും ജാഗ്രത പുലർത്തിയിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മണിയോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു. പ്രമീള ക്ലീനിംഗ് ജോലികള്‍ ചെയ്തു കൊണ്ടിരിക്കെ ഗ്രില്‍സ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അകത്തു കടന്ന നിയാസ് കുട്ടിയെ എടുത്ത് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് കണ്ടത്.
ഇരുവരും ചേർന്ന് ഇയാളെ തടഞ്ഞപ്പോള്‍ തങ്കമണിയെ തള്ളിയിട്ട പ്രതി പ്രമീളയെ മർദ്ദിച്ച് കുട്ടിയുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ സമയം അങ്കണ്‍വാടിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ പേടിച്ച് കരഞ്ഞ് ബഹളം വെക്കുകയും ചെയ്തു.
നേരത്തെ തയ്യാറാക്കി നിർത്തിയിരുന്ന കാറില്‍ നിയാസ് കുട്ടിയുമായി രക്ഷപ്പെട്ടു. നിയാസിന്റെ കാറിന് പിന്നാലെ പ്രമീളയും തങ്കമണിയും കരഞ്ഞു കൊണ്ട് ഓടുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ കടയില്‍ ഉണ്ടായിരുന്നവർ കാർ തടഞ്ഞു നിർത്തി നിയാസിനെ പുറത്തിറക്കുകയും കുട്ടിയെ അങ്കണവാടി ജീവനക്കാരെ ഏല്‍പ്പിക്കുകയുമായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നിയാസിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
