കണ്ണൂര്‍: കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവം, സി പി എം വനിതാ നേതാവ് ജ്യോതി മാപ്പപേക്ഷ എഴുതി നല്‍കും.
അധികാരത്തിന്റെ ധാർഷ്ട്യം കാണിക്കരുതെന്ന് കോടതി സിപിഎം വനിതാ നേതാവ് ജ്യോതിയെ താക്കീത് ചെയ്തു. താക്കീത് നല്‍കിയതിനൊപ്പം അഞ്ച് മണി വരെ കോടതിയില്‍ നില്‍ക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം.
ആദ്യം മാപ്പപേക്ഷ എഴുതി നല്‍കാൻ വനിതാ നേതാവ് വിസമ്മതിച്ചു. തുടര്‍ന്നാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് മാപ്പപേക്ഷ എഴുതി നല്‍കാൻ തയ്യാറായതോടെ കോടതി പിഴ വിധിച്ചു കൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി ജ്യോതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജാണ് കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണയാണ് തളിപ്പറമ്ബ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയിലാണ് നടന്നത്.
2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള കേസിലെ സാക്ഷി വിസ്താരമടക്കമുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഫോട്ടോയെടുത്ത സംഭവമുണ്ടായത്.
കോടതി മുറിക്കുള്ളിലെ പ്രതികളുടെ ദൃശ്യങ്ങള്‍ മറ്റുതരത്തില്‍ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യമടക്കം ഉയര്‍ന്നിരുന്നു.
ജഡ്ജിയില്‍ നിന്ന് ഔദ്യോഗികമായി പരാതി വാങ്ങിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. തുടര്‍ന്നാണ് മാപ്പ അപേക്ഷ എഴുതി നല്‍കാൻ ജ്യോതി തയ്യാറായത്. തുടര്‍ന്ന് താക്കീതോടെ കോടതി പിഴയും വൈകിട്ട് വരെ കോടതിയില്‍ നില്‍ക്കാനും ജഡ്ജി ഉത്തരവിടുകയായിരുന്നു.