Zygo-Ad

തളിപ്പറമ്പില്‍ സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടി പതിനഞ്ചരലക്ഷം തട്ടിയെടുത്തു: യു.പി സ്വദേശിയായ പ്രതി പിടിയില്‍


തളിപ്പറമ്പ്: സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി 15.5 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍.

ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സർസദിനെ (32) യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ ഐ പി എസിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കീർത്തി ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. മനോജ് കാനായി, എ.എസ്.ഐ.എസ്.ജി.സതീശൻ , സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരടങ്ങിയ സംഘം ഉത്തർപ്രദേശില്‍ വെച്ച്‌ പിടികൂടിയത്.

സിബിഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച്‌ വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസില്‍ കാരോത്ത് വളപ്പില്‍ ഭാർഗ്ഗവന്റെ (74) മൂന്ന് കോടി 15.5 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. 2024 സപ്തംബർ 19 നും ഒക്ടോബർ മൂന്നിനു വൈകുന്നേരം 5 മണിക്കുമിടയിലായിരുന്നു സംഭവം. 

പരാതിക്കാരനെ സി ബി ഐ യില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വാട്സാപ്പ് ഉപയോഗിച്ച്‌ വീഡിയോ കോള്‍ ചെയ്ത് സർവയലൻസില്‍ നിർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിന് പരാതിക്കാരനില്‍ നിന്നും അക്കൗണ്ടുകള്‍ വഴി പല തവണകളായി മൂന്നു കോടി15, 50, 000 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയായിരുന്നു. 

പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Previous Post Next Post