കണ്ണൂരിലെ പിഎസ്‌സി പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടന്ന സംഭവത്തിൽ, ചുരുളഴിക്കാൻ പൊലീസ്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന് അന്വേഷണ ചുമതല. പ്രതികളായ സഹദ്, സബീൽ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. റിമാൻഡിലുള്ള പ്രതികൾക്കായി നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നാണ് സംശയം
ഹൈടെക്ക് കോപ്പിയടി രീതി മറ്റുള്ളവർക്ക് ഒരുക്കി നൽകിയോ എന്ന് അന്വേഷിക്കും. പ്രാഥമിക ചോദ്യം ചെയ്യലിലെ പ്രതികളുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാതെ പൊലീസ്. അന്വേഷണത്തിനായി കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ചു. മൈക്രോ ക്യാമറ, ഇയർഫോൺ എന്നിവ ഉപയോഗിച്ചായിരുന്നു ഹൈടെക് കോപ്പിയടി. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെയാണ് കോപ്പിയടി നടന്നത്.
ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിന്റെ ഉത്തരങ്ങൾ ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് കോപ്പിയടി നടന്നത്. ഇത് പരിശോധനയിൽ പിഎസ് സി വിജിലൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു.
