ചെറുപുഴ: രാത്രി കിടപ്പു മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫ് (65)നാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇയാള്‍ പെട്രോളുമായി രാത്രിയില്‍ നെല്ലിക്കുന്നിലെ വീട്ടിലെത്തുകയും ഭാര്യ സിസിലിയും പേരക്കുട്ടിയും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇതിനിടെ ഓടാൻ ശ്രമിച്ചപ്പോഴാണ് പെട്രോളില്‍ നിന്നും തീ പടർന്ന് ഇയാള്‍ക്ക് പൊള്ളലേറ്റത്. ഈ സമയം മകൻ ഷാജിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.
ബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ ഉടൻ രാജപുരം പോലീസില്‍ വിവരമറിയിക്കുകയും പോലീസിൻ്റെ സഹായത്തോടെ പൊള്ളലേറ്റ ജോസഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും ഗുരുതരമായതിനാല്‍ പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
തീവെപ്പില്‍ കിടപ്പു മുറിയിലെ കിടക്കയും മറ്റു സാധനങ്ങളും കത്തി നശിച്ചിരുന്നുവെങ്കിലും വീടിന് മുഴുവൻ തീപ്പിടിച്ചില്ല.
