Zygo-Ad

തദ്ദേശസ്ഥാപന വാർഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ

 


കണ്ണൂർ:പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പിന് ഒക്ടോബർ 13 തിങ്കളാഴ്ച തുടക്കമാകും. കണ്ണൂർ ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലേക്ക് ഒക്ടോബർ 13 മുതൽ 16 വരെ രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് നറുക്കെടുപ്പ്.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലങ്ങൾ, വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.

പയ്യന്നൂർ, എടക്കാട് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്‌ടോബർ 13ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. കല്ല്യാശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 14നും ഇരിക്കൂർ, പാനൂർ, ഇരിട്ടി ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 15നും തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 16നും രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, പാനൂർ, ശ്രീകണ്ഠപുരം, ആന്തൂർ നഗരസഭകളിലെ നറുക്കെടുപ്പ് ഒക്‌ടോബർ 16ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നടക്കുന്നത്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും മുനിസിപ്പൽ കോർപ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.

 ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജക മണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18ന് രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തും. ജില്ലാപഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ കോർപറേഷനിലെ നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 11.30 ന് മാനാഞ്ചിറ ടൗൺ ഹാളിൽ നടത്തും.

Previous Post Next Post