പയ്യാവൂർ: ചന്ദനക്കാംപാറ മേഖലയില്‍ വീണ്ടും കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി. ചന്ദനക്കാംപാറ ടൗണിനു സമീപം ആനയടി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാട്ടുപന്നി ചത്തു കിടന്നിരുന്നത്.
കഴിഞ്ഞ ദിവസം ഈ പന്നിയെ അവശനിലയില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഇതിനു മുമ്പ് കഴിഞ്ഞയാഴ്ച പ്രദേശത്ത് വിവിധയിടങ്ങളിലായി ചത്തു കിടന്ന മൂന്ന് പന്നികളുടെ ജഡങ്ങള്‍ കണ്ടെത്തിയിരുന്നു.
ആടാം പാറയിലെ കൃഷിയിടത്തിലും നാല് പന്നികള്‍ ചത്തു കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടിരുന്നു.
ഈ വിവരങ്ങളെല്ലാം വനംവകുപ്പ് അധികൃതരെ യഥാസമയം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്ഥലത്തെത്തി അന്വേഷണം നടത്താനോ തുടർച്ച യായി ചാകുന്നതിന്‍റെ കാരണം കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനോ അധികൃതർ തയാറാകാത്തതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.