അടിമാലി (ഇടുക്കി): കണ്ണൂരിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ കെഎസ്ആർടിസി ബസിന്റെ ബ്രേക്കുനഷ്ടപ്പെട്ടു. നിയന്ത്രണംവിട്ട ബസ് റോഡരികിലെ മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി ഒൻപതോടെ പനംകൂട്ടി കൈത്തറിക്കുസമീപം വനമേഖലയിലാണ് അപകടമുണ്ടായത്. കെഎസ്ആർടി സി ബജറ്റ് ടൂറിസം ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം പയ്യന്നൂരിൽനിന്ന് പുറപ്പെട്ടത്. തേക്കടി, ഇടുക്കി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം തിരികെ പയ്യന്നൂരിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ ഒരുവശം മൺതിട്ടയും മറുവശം പുഴയുമാണ്.ബ്രേക്കുനഷ്ടപ്പെട്ടെന്ന് മനസ്സിലായ ഡ്രൈവർ വിനോദ് മനസ്സാന്നിധ്യം കൈവിടാതെ മൺതിട്ടയിൽ ഇടിപ്പിച്ച് ബസ് നിർത്തുകയായിരുന്നു.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മറ്റൊരു ഡ്രൈവർ സജിത്തിനും പരിക്കുണ്ട്. അപകടത്തേ തുടർന്ന് എറണാകുളം-ഇടുക്കി
സംസ്ഥാനപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. വെള്ളത്തൂവൽ പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്