Zygo-Ad

നായികയ്ക്ക്‌ സൂപ്പര്‍ പവര്‍'ലോക'യിലെ ഗുഹ തിരഞ്ഞ് പ്രേക്ഷകര്‍; കണ്ണൂര്‍ പയ്യാവൂരിലെ ഗുഹ ചർച്ചയാവുന്നു


ശ്രീകണ്ഠപുരം: ഓണം റിലീസായെത്തി വൻ വിജയമായ 'ലോക ചാപ്റ്റർ വണ്‍-ചന്ദ്ര' സിനിമയിലെ നായികയ്ക്ക് സൂപ്പർ പവർ കിട്ടുന്ന ഗുഹ സിനിമയിൽ കണ്ട ഏതൊരു പ്രേക്ഷകന്റെയും കണ്ണുടയ്ക്കുന്നതാണ്. പയ്യാവൂർ കുഞ്ഞിപ്പറമ്പിലാണ് ആ ഗുഹ.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയിലെ ഫ്ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉള്‍വശം കാണിക്കുന്നത്. 

എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.

സഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത കുഞ്ഞിപ്പറമ്പ് ഗുഹ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും സിനിമാ പ്രേക്ഷകർക്കിടയിലും ചർച്ചാ വിഷയമായിരിക്കുകയാണ്. നേരത്തേ 'കുമാരി' എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിരുന്നു. 

പയ്യാവൂർ സ്വദേശി പി.ഉമ്മറിന്റെ സ്ഥലത്തുള്ള ഈ ഗുഹയ്ക്ക് ഏകദേശം 500 മീറ്റർ നീളമുണ്ട്. പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹയാണിത്. ശരാശരി അഞ്ചു മുതല്‍ 15 മീറ്റർ വരെ ഉയരമുണ്ട്‌. വീതി ഏകദേശം 10 മീറ്റർ.

ഗുഹയുടെ ചില ഭാഗങ്ങളില്‍ ഉയരം ഒരു മീറ്റർ വരെ കുറയും. ചിലയിടത്ത് 15 മീറ്റർ വരെയുണ്ടാകും. ഒരു മീറ്റർ ഉയരമുള്ളിടത്ത് മുട്ടില്‍ ഇഴഞ്ഞു വേണം പോകാൻ. 

ഇരുട്ട് മൂടിയ ഗുഹയില്‍ ഏകദേശം 150 മീറ്റർ ഉള്ളിലേക്ക്‌ നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം കാണാം. അതില്‍ നിന്ന്‌ പ്രകാശം ഉള്ളിലേക്ക്‌ പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. 

ഈ സിനിമയിലൂടെ ഗുഹ ജനങ്ങളിൽ പരിചതമായതോടെ ഇൻസ്റ്റഗ്രാം റീലുകളിലും സഞ്ചാരികളുടെ വ്ലോഗിലും കുഞ്ഞിപ്പറമ്പ് ഗുഹ ഇടംപിടിച്ചിട്ടുണ്ട്.

Previous Post Next Post