തളിപ്പറമ്പ്: പി.ഡബ്ല്യു.ഡി റോഡിലെ കുഴിയില്‍ വീണ് യുവതിയുടെ കൈ ഒടിഞ്ഞതായി പരാതി. തളിപ്പറമ്പ് മെയിൻ റോഡില്‍ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂള്‍ കവാടത്തിന് സമീപത്തെ കുഴിയില്‍ വീണ് മോറാഴ സ്വദേശി ബിന്ദുവിൻ്റെ വലത് കൈയ്യാണ് ഒടിഞ്ഞത്.
നഗരത്തിലെ ഒരു റെഡിമെയ്ഡ് വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയായ ബിന്ദു ഉത്രാട ദിനത്തില്‍ സ്ഥാപനത്തിലെ തിരക്കൊഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് റോഡിലെ കുഴിയില്‍ വീണത്.
വലത് കൈക്ക് സാരമായ പരുക്കേറ്റ ബിന്ദുവിനെ സഹപ്രവർത്തകരാണ് ചിറവക്കിലെ ലൂർദ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ എല്ല് പൊട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് കൈക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
മെയിൻ റോഡിലെ കുഴിയില്‍ വീണ് കാല്‍നട യാത്രക്കാർക്ക് ഇതിന് മുമ്പും പരുക്കേറ്റിട്ടുണ്ട്.
ആശുപത്രി ചെലവിനൊപ്പം കൈ ശരിയാകുന്നത് വരെ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയും ബിന്ദുവിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
റോഡിലെ കുഴികള്‍ കാരണം സംഭവച്ച അപകടത്തെ തുടർന്ന് തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നല്‍കാൻ ഒരുങ്ങുകയാണ് ബിന്ദു.