കണ്ണൂർ: താഴെ ചൊവ്വയ്ക്ക് സമീപം തെഴുക്കിലെ പീടികയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാത 66 ൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം.
മൂന്നു പേരുണ്ടായിരുന്ന ലോറിയിൽ സഹഡ്രൈവർ പാലക്കാട് സ്വദേശി അഖിലിന് നിസാര പരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രവും തുന്നൽ കടയും പൂർണമായി തകർന്നു.
സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഗുജറാത്തില്‍ നിന്ന് എറണാകുളത്തേക്ക് തുണി, പപ്പടം, പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ബാരലുകള്‍ എന്നിവ കൊണ്ടു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
വാഹനങ്ങള്‍ താഴെ ചൊവ്വ ഗേറ്റ് വഴി കണ്ണൂര്‍ സിറ്റി റോഡിലൂടെ തിരിച്ചു വിട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
കണ്ണൂര്‍ സിറ്റി, ടൗണ്‍ പൊലീസ്, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജനങ്ങൾക്കും വാഹന യാത്രക്കാർക്കും മണിക്കൂറുകളോളം വലിയ ഗതാഗത തടസ്സവും ബുദ്ധിമുട്ടുകളും നേരിട്ടു.
താഴേ ചൊവ്വയ്ക്കും താണയ്ക്കും കാൾടെക്സിനും ഇറങ്ങേണ്ടിയിരുന്ന ബസ് യാത്രികർ കണ്ണൂർ സ്റ്റാന്റിൽ ബസ്സിറങ്ങി ബസ് മാറിക്കയറി പോവേണ്ട സ്ഥിതിയാണുണ്ടായത്.