കണ്ണൂർ :പരിശോധനകൾ കർശനമാക്കിയതോടെ സംസ്ഥാനത്തെ ലഹരിമാഫിയ സംഘങ്ങൾ ലഹരിയിടപാടുകൾ ഡേറ്റിങ് ആപ്പുകൾ വഴിയാക്കി. ഗ്രിൻഡർ എന്ന ഗേ ഡേറ്റിങ് ആപ്പ് വഴിയാണ് ലഹരിയിടപാടുകൾ ഏറെയും. ആളുകളുടെ ഫേക്ക് ഐഡന്റിറ്റി ക്രിയേറ്റ് ചെയ്‌താണ് ലഹരിമാഫിയ സംഘങ്ങളുടെ പ്രവർത്തനം. ഇങ്ങനെ ലഹരികച്ചവടം നടത്തിയിരുന്ന കണ്ണൂർ സ്വദേശികളായ സഹോദരങ്ങളെയാണ് കൊച്ചിയിൽ നിന്ന് എക്സൈസ് പിടികൂടിയത്.
കണ്ണൂർ മാട്ടൂൽ സ്വദേശികളായ മുഹമ്മദ് റബീഹ്, സഹോദരൻ റിസ്വാൻ എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവെ സ്‌റ്റേഷന് സമീപത്തെ ഗ്രാൻഡ് റെസിഡൻസി ലോഡ്‌ജിലെ 107-ാം നമ്പർ മുറിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് 37 ഗ്രാം എംഡിഎം. ഗ്രിൻഡർ ആപ്പിലൂടെയാണ് ഇരുവരും ഓർഡർ സ്വീകരിച്ചത്.
കൊച്ചിയിൽ എത്തിച്ചു നൽകണമെന്നായിരുന്നു ആവശ്യം .ഇത് പ്രകാരം ഇടപാടുകാർക്ക് ലഹരികൈമാറാൻ എത്തിയതായിരുന്നു ഇരുവരും. നേരിട്ട് കൈമാറ്റമില്ല. വഴിയരികിൽ എവിടെയെങ്കിലും ഒളിപ്പിച്ച് അടയാളം സഹിതം ആപ്പ് വഴി സന്ദേശം നൽകും. കൊച്ചിയിൽ ഇരുവർക്കും പരിചയക്കാരില്ല. ലഹരികൈമാറാൻ മാത്രമായി എത്തിയതെന്നാണ് കണ്ടെത്തൽ. സമാനമായി പലർക്കും സഹോദരങ്ങൾ ലഹരികൈമാറിയിട്ടുണ്ട്.
എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. അഭിരാജിൻ്റെ നേതൃത്വത്തിലാണ് ലഹരിവിൽപനക്കാരായ സഹോദരങ്ങളെ പിടികൂടിയത്. സിവിൽ എക്സ്ക്സൈസ് ഓഫീസർമാരായ പദ്‌മഗിരീശൻ, ജിബിനാസ്, ഫെബിൻ, അമൽദേവ്, വനിതാ സിവിൽ എക്സ്ക്സൈസ് ഓഫീസർ കനക ഡ്രൈവർ പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്