Zygo-Ad

ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി കുപ്പി കൊടുത്താല്‍ 20: പദ്ധതിയോട് മുഖംതിരിച്ച്‌ മദ്യപാനികള്‍


കണ്ണൂർ: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പദ്ധതിയോട് മുഖം തിരിച്ച്‌ ജില്ലയിലെ മദ്യപാനികള്‍.

വാങ്ങിയ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ തിരികെയേല്‍പ്പിക്കുമ്പോള്‍ അധികമായി ഈടാക്കുന്ന ഇരുപത് രൂപ തിരിച്ചു കൊടുക്കുന്ന പദ്ധതി ജില്ലയിലെ 10 ഔട്ട്ലെറ്റുകളിലാണ് നടപ്പാക്കിയത്. 

ഒന്നാം ദിവസം പദ്ധതി മദ്യവില്‍പനയെ ചെറിയ തോതില്‍ ബാധിച്ചതായി ജീവനക്കാർ പറഞ്ഞു. ഇരുപത് രൂപ അധികം വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മദ്യപാനികളുടെ നിലപാട്.

അൻപത് രൂപയ്ക്ക് ഹരിത കർമ്മ സേന പ്ലാസ്റ്റിക് കുപ്പികള്‍ എടുക്കുമ്പോള്‍ ഒരു കുപ്പിക്ക് 20 രൂപ വാങ്ങിക്കുന്നതില്‍ സർക്കാരിനോട് പ്രതിഷേധവുമറിയിച്ചാണ് പലരും മദ്യം വാങ്ങി മടങ്ങിയത്.

പ്ലാസ്റ്റിക് കുപ്പികളില്‍ ധാരാളമായി മദ്യം വില്‍പന ചെയ്യുന്ന സാധാരണ കൗണ്ടറുകളില്‍ ഉച്ചയോടെ നൂറിനടുത്ത് പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമാണ് തിരികെയെത്തിയത്. അതേ സമയം പ്രീമിയം കൗണ്ടറുകളില്‍ തിരികെയെത്തിയ കുപ്പികളുടെ എണ്ണം രണ്ടക്കം തികഞ്ഞില്ല.

ചിലർ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യകുപ്പിയുമായി വന്ന് സ്റ്റിക്കർ മാറ്റി ഒട്ടിച്ച്‌ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. മദ്യം വാങ്ങിയ സ്ഥലത്തു തന്നെ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കണമെന്ന തീരുമാനം മാറ്റണമെന്ന ആവശ്യവും മദ്യപർക്കുണ്ട്.

ജീവനക്കാർ ആശങ്കയില്‍

പുതിയ പരിഷ്കരണത്തില്‍ ജീവനക്കാരും ആശങ്കയിലാണ്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് വില്‍പനയെ ബാധിക്കുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം. 

സാധാരണ ദിവസങ്ങളിലുള്ളതിലും കുറവ് തിരക്കാണ് ഇന്നുണ്ടായത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ സ്റ്റിക്കറൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ളത് എങ്ങനെ ചെയ്യുമെന്ന ആശങ്കയുണ്ട് - ബെവ്കോ ജീവനക്കാരൻ

തിരിച്ചെത്തിയ കുപ്പികളില്‍ സ്റ്റിക്കർ പതിക്കാൻ എടുക്കുന്ന സമയം നീണ്ട നിരയ്ക്കും ഇടയാക്കും. അന്യ സംസ്ഥാന തൊഴിലാളികളെ കാര്യം പറഞ്ഞു മനസിലാക്കുവാനും ഇന്നലെ ജീവനക്കാർ പാടുപെട്ടു. 

രാത്രി 9ന് കൗണ്ടർ അടച്ചു കഴിഞ്ഞാല്‍ തിരിച്ചു വന്ന കുപ്പികളുടെ എണ്ണം തിട്ടപ്പെടുത്തേണ്ട അധിക ഭാരവും ജീവനക്കാരില്‍ വന്നു ചേർന്നിരിക്കുകയാണ്. 

ജില്ലയില്‍ പാറക്കണ്ടി, താണ, കീഴ്ത്തള്ളി, പാടിക്കുന്ന്, ചക്കരക്കല്‍, ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, കേളകം, പയ്യന്നൂർ ബീവറേജ് ഔട്ട്ലെറ്റുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.

Previous Post Next Post