Zygo-Ad

വീട്ടിലേക്കുള്ള വഴി നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസി വഞ്ചിച്ചു: കണ്ണൂര്‍ കലക്ടറേറ്റിന് മുൻപില്‍ വിധവയായ വീട്ടമ്മയുടെ ഒറ്റയാള്‍ നില്‍പ്പ് സമരം


കണ്ണൂർ: വീട്ടിലേക്കുള്ള വഴി ശരിയാക്കി തരാമെന്ന് പറഞ്ഞു പണം വാങ്ങിയതിന് ശേഷം അയല്‍വാസികള്‍ ചതിച്ചതായി കാണിച്ചു വിധവയായ വയോധിക കണ്ണൂർ കലട്രേറ്റിന് മുന്നില്‍ ഒറ്റയാള്‍ നില്‍പ്പ് സമരം നടത്തി. 

പായം പഞ്ചായത്തിലെ കിളിയന്തറ മുപ്പത്തി രണ്ടാം മൈലില്‍ താമസിക്കുന്ന അച്ചാമ്മ ആന്റണി ഇന്ന് രാവിലെ മുതല്‍ കണ്ണൂർ കലക്ടറേറ്റിനു മുന്നില്‍ നില്‍പ്പ് സമരം നടത്തി.

'ഞാൻ വാർദ്ധക്യ സഹജമായ വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുകയാണ്. മൂന്ന് സെന്റ് സ്ഥലത്തുള്ള ചെറിയ വീട്ടിലാണ് താമസിക്കുന്നത്'. അവർ പറഞ്ഞു. 

വീട്ടിലേക്ക് സ്ഥിരമായി നടന്നു പോകുന്ന ഏക വഴി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അയല്‍വാസികളായ മൂന്ന് പേർ ചേർന്ന് പണം പിരിക്കുകയും എന്നാല്‍ അവരുടെ സൗകര്യത്തിനു വേണ്ടി തന്റെ വീട്ടിലേക്കുള്ള വഴി അടച്ചു കോണ്‍ക്രീറ്റ് ചെയ്തു തന്റെ വഴി മുടക്കി. 

താൻ കുടിവെള്ളം എടുക്കുന്നത് അയല്‍വാസിയുടെ വീട്ടില്‍ നിന്നാണെന്നും അവിടെ പോകാൻ പോലും ഇപ്പോള്‍ ഗോവണി വെച്ച്‌ കയറുകയും ഇറങ്ങുകയും ചെയ്യേണ്ട ഗതികേടിലാണെന്നുമാണ് അച്ചാമ്മ പറയുന്നത്.

ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് പായം പഞ്ചായത്ത് പ്രസിഡണ്ടിന് ഒന്നിലധികം തവണ പരാതികള്‍ കൊടുക്കുകയും കണ്ണൂർ കളക്ർക്ക് പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു തീരുമാനവും ഉണ്ടാകാതിരുന്നത് കൊണ്ടാണ് ഒറ്റയാള്‍ സമരം നടത്താൻ വന്നതെന്നും അവർ പറഞ്ഞു.

Previous Post Next Post