കണ്ണൂർ: ടി പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.
ജയിലിനകത്തും പുറത്തും ലഹരി മരുന്ന് കച്ചവടമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജനുവരിയിലാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ് വിചാരണയ്ക്ക് വേണ്ടി കൊടി സുനിയെ തവനൂരില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചത്.
കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചും ലഹരി സംഘത്തെ നിയന്ത്രിക്കുന്നതായാണ് ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.
ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളിയായ കിര്‍മാണി മനോജും മറ്റൊരു വധക്കേസ് പ്രതി ബ്രിട്ടോയുമാണ് കൂട്ടാളികള്‍.
തവനൂര്‍ ജയിലില്‍ നിന്ന് ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്‍റെ വിചാരണ ആവശ്യത്തിനാണ് കൊടി സുനിയെ കഴിഞ്ഞ ജനുവരിയില്‍ കണ്ണൂരിലേക്ക് മാറ്റിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നേരത്തെ ലഭിച്ചു പോന്നിരുന്ന സൗകര്യങ്ങള്‍ വീണ്ടും ഉപയോഗിച്ചാണ് ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നത്. ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പടെ ലഭിക്കുന്നുവെന്ന പരാതി ശരി വയ്ക്കുന്നതാണ് ജയില്‍വകുപ്പിന്‍റെ റിപ്പോര്‍ട്ട്.
കണ്ണൂർ ജയിലിലെ അനുകൂല സാഹചര്യം തവനൂരില്‍ കൊടി സുനിക്ക് കിട്ടില്ലെന്നാണ് അനുമാനം. ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്‍റെ അന്തിമ വാദം നടക്കുന്ന തലശ്ശേരി കോടതിയുടെ പരിസരത്തുള്ള ഹോട്ടലിൽ വച്ച് പരസ്യ മദ്യപാനം പുറത്തായതിന് ശേഷം കൊടി സുനിയെ കൊണ്ടു വന്നിട്ടില്ല.
മുഹമ്മദ് ഷാഫി, കൊടി സുനി, ഷിനോജ് എന്നിവരെ ഓണ്‍ലൈനിലാണ് ഇരുത്തുന്നത്. അതുകൊണ്ട് തന്നെ ജയില്‍ മാറ്റം ഉണ്ടായാലും വിചാരണയ്ക്ക് തടസമുണ്ടാകില്ല.
