മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടു വർഷത്തിലധികമായി നിർത്തിയിട്ടിരുന്ന ഗോ എയറിന്‍റെ അവസാനത്തെ വിമാനവും കണ്ണൂർ എയർപോർട്ട് വിട്ടു.
ഗോ എയർ കമ്പനി കണ്ണൂരില്‍ നിന്നുള്ള സർവീസ് നിർത്തിയതിനെ തുടർന്ന് വിമാനാത്താവളത്തില്‍ നിർത്തിയിട്ട അഞ്ചു വിമാനങ്ങളില്‍ അവസാനത്തേതാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കമ്പനി അധികൃതർ കൊണ്ടു പോയത്.
അഞ്ചു വിമാനങ്ങളും ഹുസൂറിലേക്കാണ് കൊണ്ടു പോയത്. 2023 മേയിലാണ് ഗോ എയർകമ്ബനി സർവീസുകള്‍ നിർത്തിയത്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം ഗോ എയറിന്‍റെ നിരവധി എയർലൈൻസുകള്‍ കണ്ണൂരില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.
നല്ല നിലയില്‍ സർവീസ് നടത്തി വരുന്നതിനിടെയാണ് കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ സർവീസുകള്‍ നിർത്തലാക്കിയത്.
ഇതോടെ കണ്ണൂരിലുണ്ടായിരുന്ന അഞ്ചു വിമാനങ്ങള്‍ വിമാനത്താവളത്തിലെ ഏപ്രണില്‍ നിർത്തിയിടുകയായിരുന്നു. വെയിലും മഴയും കൊണ്ടു വിമാനങ്ങള്‍ നശിക്കുന്ന സാഹചര്യത്തിലാണ് ഓരോന്നായി ഇവിടെ നിന്നും മാറ്റിയിരിക്കുന്നത്..