കണ്ണൂർ: യൂണിയൻ തെരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാലയിൽ സംഘർഷം. എസ്‌എഫ്‌ഐയും യുഡിഎസ്എഫും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പ്രശ്നം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി.
ബാലറ്റ് തട്ടിപ്പെന്ന് യു.ഡി.എസ.എഫ് എസ്എഫ്‌ഐയ്‌ക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. എസ്എഫ്‌ഐ ആരോപണം തള്ളിക്കളഞ്ഞപ്പോൾ, പൊലീസിന് എംഎസ്എഫ് പ്രവര്‍ത്തകരെ സഹായിക്കുന്നുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. സംഘർഷം രൂക്ഷമായതോടെ സർവകലാശാലയിൽ വലിയ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ചെടിച്ചട്ടികളും വടികളും ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. എസ്എഫ്‌ഐയുടെ സ്ഥാനാർത്ഥി ബാലറ്റ് തട്ടിപ്പറിച്ചെന്നാണ് യു.ഡി.എസ.എഫ് ആരോപണം. ഇതിനെതിരെ പ്രതികരിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, ആരോപണത്തിന് തെളിവുണ്ടോ എന്ന് ചോദിച്ചു. സ്ഥാനാർഥി വോട്ട് ഉറപ്പാക്കാൻ വേണ്ട നടപടികളാണ് സ്വീകരിച്ചതെന്നും എംഎസ്എഫിന്റെ ആവശ്യപ്രകാരം പൊലീസ് ഇടപെടലാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
"ഒരു പെൺവിദ്യാർത്ഥി യുഡിഎസ്എഫ് പ്രവർത്തകരിൽ നിന്ന് സാധനം തട്ടിയെടുത്തു എന്നാരോപണമുയർത്തുന്നുവെങ്കിലും ഇതൊക്കെ അനാവശ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുകയാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായി പൂര്‍ത്തിയാക്കാൻ അനുവദിക്കാത്ത സാഹചര്യം യൂണിവേഴ്സിറ്റിയിൽ ഉണ്ടാകുകയാണ്," – സഞ്ജീവ് കൂട്ടിച്ചേർത്തു.