കണ്ണൂർ: ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ വെങ്കല ശിവ ശിൽപം പ്രശ്ത ശിൽപി ഉണ്ണി കാനായിയാണ് നിർമ്മിച്ചത്.
രാജരാജേശ്വര ക്ഷേത്രത്തിൽ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിക്കുന്ന വെങ്കലത്തിൽ തീർത്ത പൂർണ്ണകായ ശിവ ശില്പം ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ അനാച്ഛാദനം ചെയ്യുമെന്ന് ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ വെങ്കല ശിവ ശിൽപം പ്രശസ്ത ശിൽപി ഉണ്ണി കാനായിയാണ് നിർമ്മിച്ചത്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ അരയാൽ തറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ശിവ പ്രതിമ സ്ഥാപിച്ചത്.
മൂന്നര വർഷം സമയമെടുത്താണ് ശിൽപി ഉണ്ണി കാനായി ശില്പ നിർമ്മാണം പൂർത്തിയാക്കിയത്. 14 അടി ഉയരമുള്ള വെങ്കല ശിവ ശില്പത്തിന് 4200 കിലോ ഭാരമുണ്ട്.
കളിമണ്ണിൽ തീർത്ത ശില്പം, പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് രൂപ മാറ്റം ചെയ്ത് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു.
പയ്യന്നൂർ കാനായിൽ ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശില്പം ക്രയിനിൻ്റെ സഹായത്തോടെയാണ് തളിപ്പറമ്പിൽ എത്തിച്ചത്.
തളിപ്പറമ്പിലെ പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ മൊട്ടമ്മൽ രാജൻ ആണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്.
ശിവൻ്റെ പൂർണ്ണമായ വെങ്കല ശില്പത്തോടൊപ്പം ശിൽപ്പി ഉണ്ണി കാനായി
ഒരു കൈ അരക്ക് കൊടുത്ത് വലതു കൈ കൊണ്ട് അനുഗ്രഹിക്കുന്ന രീതിയിൽ സൗമ്യ ഭാവത്തോടെ അനുഗ്രഹം ചൊരിയുന്ന രീതിയിലാണ് ശിവൻ്റെ പൂർണ്ണമായ വെങ്കല ശില്പം.
ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ആലിൻ ചുവട്ടിലാണ് ശില്പം സ്ഥാപിച്ചിട്ടുള്ളത്. ശിൽപത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാര ദീപവും ഒരുക്കിയിട്ടുണ്ട്.
ജൂലൈ 5 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ അനാച്ഛാദനം ചെയ്യും.
ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ടി ചന്ദ്രശേഖരൻ എന്നിവരും പങ്കെടുക്കും. ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി. പി.വിനോദ് കുമാർ അധ്യക്ഷത വഹിക്കും.
കോ-ഓർഡിനേറ്റർ കമൽ കന്നിരാമത്ത്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി എസ് സുരേഷ് കുമാർ എന്നിവർ സംസാരിക്കും. ചടങ്ങിൽ വെച്ച് മൊട്ടമ്മൽ രാജൻ, ശില്പി ഉണ്ണി കാനായി, കമൽ കന്നിരാമത്ത് എന്നിവരെ ആദരിക്കും.
തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി. പി.വിനോദ്കുമാർ, മൊട്ടമ്മൽ രാജൻ, ശില്പി ഉണ്ണി കാനായി, കമൽ കന്നിരാമത്ത്, വിജയ് നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.