കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമ പരിപാടിയില്‍ കെ. സുധാകരൻ്റെ അനുകൂലികള്‍ പ്രതിഷേധിച്ചു.
പരിപാടിക്ക് തൊട്ടു മുമ്പ് സുധാകരൻ്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു പ്രതിഷേധത്തിന് തുടക്കം. സുധാകരന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.
കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം കണ്ണൂർ ഡി.സി.സി. സംഘടിപ്പിച്ച സമര സംഗമം പരിപാടിയിലായിരുന്നു ഈ പ്രതിഷേധങ്ങള്‍. പരിപാടിയുടെ പോസ്റ്ററില്‍ കെ. സുധാകരൻ്റെ ചിത്രം ഇല്ലാത്തതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
ചരിത്രത്തിലാദ്യമായാണ് കെ. സുധാകരൻ പങ്കെടുക്കാതെ കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ് പൊതുപരിപാടി നടക്കുന്നത്. എറണാകുളത്ത് ചികിത്സയിലായിരുന്ന കെ. സുധാകരൻ നിലവില്‍ ഡല്‍ഹിയിലാണ്.
കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, യു.ഡി.എഫ്. കണ്‍വീനർ അടൂർ പ്രകാശ്, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കള്‍ സംഗമ വേദിയിലേക്ക് കടന്നു വരുമ്പോഴും 'കണ്ണൂരിലൊന്നേ നേതാവുള്ളൂ' എന്ന് വിളിച്ചു കൊണ്ട് സുധാകരന് അനുകൂലമായ മുദ്രാവാക്യം വിളികള്‍ ഉയർന്നു.