കണ്ണൂർ: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ വീണ്ടും കല്ല് കണ്ടെത്തി. വന്ദേഭാരത് എക്സ്പ്രസ് കടന്നു പോകേണ്ട ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്.
വളപട്ടണം-കണ്ണപ്പുരം റെയില്‍വേ സ്റ്റേഷന് ഇടയിലാണ് സംഭവം. സംഭവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയില്‍വേ പൊലീസും കേരള പൊലീസും പരിശോധിക്കും.
കഴിഞ്ഞ ദിവസം വളപട്ടണം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് എർത്ത് ബോക്സ് മൂടിവെക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ -കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ ശേഷമാണ് സ്ലാബ് കണ്ടെത്തിയത്.
ജൂലൈ പതിനൊന്നിനായിരുന്നു സമാനമായ രീതിയില്‍ വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം നടന്നത്.
പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയില്‍പ്പെട്ടത്.
ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യ സമയത്ത് ട്രെയിൻ നിർത്താനായതിനാല്‍ അപകടം ഒഴിവായി. തുടർന്ന് അല്‍പ നേരം ട്രെയിൻ നിർത്തിയിട്ടു.
റെയില്‍വേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയില്‍ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തില്‍ വച്ചത്.
വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസും റെയില്‍വേ അധികൃതരും അന്വേഷണം നടത്തി വരുകയാണ്. ഇതിനിടെയാണ് ഇന്നും ട്രാക്കില്‍ കല്ല് കണ്ടെത്തിയത്.