പയ്യന്നൂർ: പാലക്കോട് കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കി. കോസ്റ്റു ഗാർഡും ഫയർ ഫോഴ്സും ഉടനെ സ്ഥലത്തെത്തി.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് കടലിൽ പോയ രണ്ടു പേരില്‍ ഒരാളെ കാണാതായത്.
ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞതിനെത്തുടർന്നാണ് പുഞ്ചക്കാട് പടിഞ്ഞാറ്റെയില്‍ വീട്ടില്‍ എബ്രഹാമിനെ (45) യാണ് കാണാതായത്.
ഇദ്ദേഹത്തോടൊപ്പം വള്ളത്തിലുണ്ടായിരുന്ന പുഞ്ചക്കാട് എരമംഗലം വീട്ടില്‍ വർഗീസ് (40) അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കാണാതായ എബ്രഹാമിനായുള്ള തിരച്ചില്‍ പ്രവർത്തനങ്ങള്‍ക്ക് അഴീക്കല്‍ കോസ്റ്റല്‍ പോലീസും, മറൈൻ എൻഫോഴ്‌സ്‌മെന്റും, ഫയർഫോഴ്‌സും നേതൃത്വം നല്‍കി.
കൂടാതെ, പയ്യന്നൂർ, പുഞ്ചക്കാട്, ഏഴിമല എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവർത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ടി.ഐ. മധുസൂദനൻ എം.എല്‍.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങള്‍ വിലയിരുത്തി