കണ്ണൂർ നഗരത്തെ കണ്ണീരിലാഴ്ത്തി ഇന്നലെ പൊലിഞ്ഞു വീണത് രണ്ടു യുവ ജീവിതങ്ങളാണ്. ഒരേ ദിവസം രണ്ടു വിദ്യാർത്ഥികളുടെ മരണമാണ് നാടിനെ നടുക്കിയിരിക്കുന്നത്.
കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നില്‍ കുളത്തില്‍ മുങ്ങി മംഗളൂരു സ്വദേശിയായ മെഡിക്കല്‍ വിദ്യാർത്ഥി മരണപ്പെട്ടു. സുള്ള്യ സ്വദേശിയായ അസ്തിക് രാഘവ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം.
പള്ളിക്കുന്ന് തയ്യിലെ കുളത്തില്‍ നീന്തുന്നതിനിടെയാണ് അസ്തിക് മുങ്ങി മരിച്ചത്. മംഗളൂരു ദേർളകട്ട എ ബി ഷെട്ടി കോളേജില്‍ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് അസ്തിക് രാഘവ്.
കൊറ്റാളിയിലെ സഹപാഠിയുടെ വീട്ടില്‍ എത്തിയതായിരുന്നു അസ്തിക്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്ന് ഫയർഫോഴ്സ് എത്തി കുളത്തില്‍ നിന്ന് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ടൗണ്‍ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ നഗരത്തിലെ താണയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്കൂട്ടർ യാത്രികനായ 19 വയസ്സുകാരൻ ദേവനന്ദ് അതി ദാരുണമായി മരിച്ചു. കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഓഫീസ് ജങ്ഷനു സമീപം താമസിക്കുന്ന ശ്രീജു-ഷജിന ദമ്പതികളുടെ മകനാണ് ദേവനന്ദ്.
പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിച്ച ബസ് ദേവനന്ദിന്റെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ താണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം ദേവനന്ദിന്റെ ഏക സഹോദരനാണ്.
