കണ്ണൂർ: ഇ സൈക്കിള്‍ കാര്‍ബണ്‍ ന്യൂട്രല്‍ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംയുക്തമായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇലക്ട്രിക്ക് സൈക്കിളുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മികച്ച എഡിഎസ്സായി തെരഞ്ഞെടുക്കപ്പെട്ട മാട്ടറ എഡിഎസിനും മികച്ച ബഡ്‌സ് സ്‌കൂളായി തെരഞ്ഞെടുത്ത പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിനുമുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ഏത് മാറ്റവും വേഗത്തില്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് കേരളമെന്നും ഇ സൈക്കിളും അത്തരമൊരു പദ്ധതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിള്‍ വിതരണം ചെയ്തത്.
കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാ ചെലവ് കുറയ്ക്കല്‍, മറ്റു വരുമാന വര്‍ദ്ധനവ് എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമീണ സി ഡി എസുകളിലെ 350 വനിതകള്‍ക്കാണ് ഇ സൈക്കിളുകള്‍ നല്‍കുന്നത്.
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം പദ്ധതിയുടെ ആദ്യഘട്ടമായി കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇ സൈക്കിളുകള്‍ നല്‍കുന്നത്. 40000രൂപ വിലമതിക്കുന്ന ഈ സൈക്കിള്‍ 3000 ഗുണഭോക്തൃ വിഹിതം വാങ്ങിക്കൊണ്ടാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ എന്നിവര്‍ വിശിഷ്ടാതിഥികളായി. എന്‍ ആര്‍ എല്‍ എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി നവീന്‍ പദ്ധതി അവതരണം നടത്തി.
ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ സുരേഷ്ബാബു, യു.പി ശോഭ, എന്‍.വി ശ്രീജിനി, അഡ്വ.ടി.സരള, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ രജിസ്ട്രാര്‍ ബി.വി സുഭാഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ വി ജ്യോതി ലക്ഷ്മി, സി.പി പ്രീത, കെ.വി നിര്‍മ്മല, കെ.സി രേണുക, കെ.പി സാജിത, പി മഷൂദ, മിനി ഷേര്‍ലി, എം.കെ ലത, കെ.പി സുനില, ഇ വസന്ത, കെ ബിന്ദു, എം.എ.വി സജ്‌ന, എ ഡി എം സി മാരായ പി.ഒ ദീപ, കെ വിജിത്ത്, കെ രാഹുല്‍, ഡി പി എംമാരായ കെ.എന്‍ നൈല്‍, ജിബിന്‍ സ്‌കറിയ എന്നിവര്‍ സംസാരിച്ചു.