കണ്ണൂർ: കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിലെ കോളയാട് എടയാറിലെ മലബാർ ക്രഷറില്‍ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് നാലു സ്ത്രീകള്‍ അടക്കം അഞ്ചു പേർ അറസ്റ്റില്‍.
ഇപ്പോള്‍ മുണ്ടേരി മൊട്ട മതുക്കോത്ത് വലിയ കുണ്ട് കോളനിയിലെ താമസക്കാരായ തഞ്ചാവൂർ സെൻകി പട്ടി സ്വദേശികളായ ലക്ഷ്മി (36), രേവതി (31)സെല്‍വി (27) പാർവതി (50)മുണ്ടേരി മൊട്ട കാഞ്ഞിരോട് തെരുവിലെ എസ് എം ഫൈസല്‍ (43) എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷങ്ങള്‍ വില വരുന്ന കോപ്പറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ക്രഷറില്‍ നിന്നും മോഷണം പോയത്.
ഇവർ മോഷ്ടിച്ച സാധനങ്ങള്‍ കാഞ്ഞിരോട്ടെ ആക്രി കച്ചവട സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. മോഷണ വസ്തുക്കളെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇവ വിലയ്ക്ക് വാങ്ങിയ കുറ്റത്തിനാണ് ഫൈസല്‍ കേസില്‍ പ്രതിയായത്.
തമിഴ് നാടോടി സ്ത്രീകള്‍ സമാനമായ മറ്റ് പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് കണ്ണവം ഇൻസ്പെക്ടർ കെ വി ഉമേഷ് പറഞ്ഞു.
കഴിഞ്ഞ 14 മാസത്തോളമായി ക്രഷർ പൂട്ടി കിടക്കുകയായിരുന്നു. സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഗേറ്റ് വഴിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
സി.സി.ടി വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി.