കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മെഗാ തൊഴില്‍ മേള സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. എണ്ണായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമായി 150 ഓളം സ്ഥാപനങ്ങളാണ് 35000 ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയത്. തൊഴില്‍ മേളയിലേക്ക് എത്തിയവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരുന്നത്.
തിരക്കൊഴിവാക്കാന്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സമയം ക്രമീകരിച്ചു നല്‍കിയിരുന്നു. വിവിധ ബ്ലോക്കുകളിലെ ക്ലാസ് മുറികള്‍ അഭിമുഖത്തിനായി സജ്ജമാക്കി. ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുവാന്‍ എന്‍എസ് എസ്, എസ് പി സി വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമായിരുന്നു.
ഹരിതകര്‍മസേനയും കുടുംബശ്രീ ഗ്രൂപ്പുകളും വിവിധ സേവനങ്ങളുമായി മേളയില്‍ പങ്കെടുത്തു. തൊഴില്‍ നേടുന്നതിനോടൊപ്പം അഭിമുഖങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ നേടാനുള്ള അവസരമായും ഉദ്യോഗാര്‍ത്ഥികള്‍ മേളയെ പ്രയോജനപ്പെടുത്തി.
700 സ്ത്രീകള്‍ക്ക് ജോബ് ഓഫര്‍ ലെറ്റര്‍
സ്ത്രീ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ്
വിജ്ഞാന കേരളം തൊഴില്‍മേളയില്‍ സ്ത്രീ സ്വപ്നങ്ങള്‍ക്ക് പറക്കാനുള്ള ചിറകുകള്‍ നല്‍കി മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ എ സജിന്‍. 700 സ്ത്രീകള്‍ക്കുള്ള ജോബ് ഓഫര്‍ ലെറ്ററാണ് വിജ്ഞാനകേരളം മെഗാ തൊഴില്‍മേളയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് അദ്ദേഹം കൈമാറിയത്. കൂത്തുപറമ്പ് വലിയ വെളിച്ചം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 1300 സ്ത്രീകള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കുള്ള മൂന്നുമാസ പരിശീലനത്തിന് ശേഷം ജോലി സ്ഥിരപ്പെടുത്തും. കുടുംബശ്രീ വഴി സന്നദ്ധരായ സ്ത്രീകളെ കണ്ടെത്തിയാണ് കമ്പനിയിലേക്ക് തൊഴില്‍ നല്‍കുന്നത്.
ഞങ്ങള്‍ ഹാപ്പി ആണ്...
തളിപ്പറമ്പ് കണക്ടിവിറ്റി പദ്ധതിയിലൂടെ ജോലി കിട്ടിയ സന്തോഷത്തിലാണ് എ.വി തൃഷ്ണ, പൂജ നായര്‍, കെ നിമ്യ, സി അമൃത എന്നീ വീട്ടമ്മമാര്‍. കേരള ഗ്രാമീണ്‍ ബാങ്കില്‍ കസ്റ്റമര്‍ സപ്പോര്‍ട്ടറായാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. വിവിധ ജീവിത സാഹചര്യങ്ങളില്‍ ജോലിക്കു പോകാന്‍ കഴിയാതെ പോയവരും കരിയര്‍ ബ്രേക്ക് വന്നവരുമാണിവര്‍. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറൈസസ് ഇന്ത്യ കമ്പനി മേധാവി വിജേഷ് വേണുഗോപാല്‍ 25 ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ഓര്‍ഡര്‍ വിജ്ഞാനകേരളം തൊഴില്‍മേളയുടെ വേദിയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കൈമാറി.
തൊഴില്‍ സംസ്‌കാരം മാറ്റിക്കുറിച്ച്...
രണ്ട് വയസ് പ്രായമുള്ള കുഞ്ഞുമായാണ് നെടുംപൊയില്‍ സ്വദേശി കെ ശ്രീലേഖ തൊഴില്‍മേളയില്‍ എത്തിയത്. അമ്മ അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ അച്ഛന്‍ കുഞ്ഞിന് കൂട്ടായി. പ്ലസ് ടു പൂര്‍ത്തിയായപ്പോഴാണ് ശ്രീലേഖ വിവാഹിതയായത്. ചൈത്ര ജനിച്ചതോടെയാണ് ജോലി എന്ന ആഗ്രഹത്തിന് തീവ്രത കൂടിയത്. ഗ്രാമപഞ്ചായത്ത് വഴിയാണ് തൊഴില്‍മേളയുടെ വിവരം ശ്രീലേഖ അറിഞ്ഞത്. ഉടന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തു. വിവാഹശേഷം തൊഴില്‍ ഉപേക്ഷിച്ചവരും കുഞ്ഞുങ്ങളുമായി എത്തിയവരും നിരവധിയാണ്. തൊഴില്‍ സംസ്‌കാരത്തിന് വലിയൊരു മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് വിജ്ഞാനകേരളം തൊഴില്‍മേള.